തുറന്നടിച്ച് ഗാലന്റ്: ‘ഇസ്രായേൽ സേന ഗസ്സയിൽ തുടരേണ്ട, സൈനികരുടെ ജീവൻ അപകടത്തിൽ’
text_fieldsതെൽഅവീവ്: ഇസ്രായേൽ സൈന്യം ഇനി ഗസ്സയിൽ തുടരേണ്ടതില്ലെന്ന് തുറന്നുപറഞ്ഞ് പ്രതിരോധമന്ത്രി യൊആവ് ഗാലന്റ്. ഐ.ഡി.എഫ് ഗസ്സയിൽ തുടരുന്നതിന് യാതൊരു ന്യായവുമില്ലെന്നും ഇത് സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവിന്റെ അപ്രീതിക്കിരയായി പദവിയിൽനിന്ന് പുറത്താക്കപ്പെട്ട യോവ് ഗാലന്റ്, ബന്ദികളുടെ ബന്ധുക്കളോടാണ് ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധികാരത്തിൽനിന്ന് പുറത്താകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തുറന്നുപറച്ചിൽ.
സൈന്യം ഗസ്സയിൽ തുടരുന്നതിന് സുരക്ഷാപരവും നയതന്ത്രപരവുമായ ന്യായീകരണങ്ങളുണ്ടെന്ന നെതന്യാഹുവിന്റെയും സർക്കാറിന്റെയും അവകാശവാദങ്ങളിൽ തനിക്കും ഐ.ഡി.എഫ് മേധാവി ഹെർസി ഹലേവിക്കും സംശയങ്ങളുണ്ടെന്നും ഗാലൻറ് പറഞ്ഞു. “ഇസ്രായേൽ സൈന്യം ഫിലാഡൽഫി ഇടനാഴിയിലും ഗസ്സയിലും തുടരുന്നതിന് സുരക്ഷാ പരിഗണനകൾ ഒന്നുമില്ലെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഞാനും ഐഡിഎഫ് മേധാവിയും പറഞ്ഞതാണ്. നയതന്ത്ര പരിഗണനയാണെന്ന് നെതന്യാഹു പറയുന്നു. എന്നാൽ, നയതന്ത്രപരമായ പരിഗണന ഒന്നുമില്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു’ -ഗാലന്റ് കൂട്ടിച്ചേർത്തു.
‘ഗസ്സയിൽ ഇനി ഒന്നും ചെയ്യാനില്ല. പ്രധാന നേട്ടങ്ങളെല്ലാം കൈവരിച്ചു. അവിടെ തുടരണമെന്ന (നെതന്യാഹുവിന്റെ) ആഗ്രഹം കൊണ്ടാണ് സൈന്യം അവിടെ തുടരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു. സ്ഥിരത സൃഷ്ടിക്കാൻ ഇസ്രായേൽ സേന ഗസ്സയിൽ തുടരണമെന്ന ആശയം സൈനികരുടെ ജീവൻ അപകടത്തിലാക്കുന്ന അനുചിതമായ ആശയമാണ്’ -ഗാലന്റ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ യൊആവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. മാസങ്ങളായി വിശ്വാസം നഷ്ടപ്പെട്ടെന്നും പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കുകയാണെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സിനാണ് പകരം ചുമതല നൽകിയത്. വിദേശകാര്യ ചുമതലയിൽ ഗിഡിയോൺ സാറിനെയും നിയമിച്ചു.
ഗസ്സയിൽ നെതന്യാഹു സ്വപ്നം കാണുന്ന സമ്പൂർണ വിജയം വിഡ്ഢിത്തമാണെന്ന് രഹസ്യ പാർലമെന്റ് യോഗത്തിൽ ഗാലന്റ് അഭിപ്രായപ്പെട്ടത് പുറത്തായിരുന്നു. കഴിഞ്ഞ വർഷം നെതന്യാഹു നടപ്പാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ നടപടിയെ ആദ്യം എതിർത്തത് ഗാലന്റാണ്. യാഥാസ്ഥിതിക ജൂത വിഭാഗങ്ങൾക്ക് സൈനിക സേവനത്തിലെ ഇളവ് എടുത്തുകളയണമെന്ന ആവശ്യവും ഗാലന്റ് ഉയർത്തിയിരുന്നു. ഭരണത്തിൽ തീവ്രനിലപാടുകാരെ നിലനിർത്തിയും അല്ലാത്തവരെ പറഞ്ഞുവിട്ടും നിയന്ത്രണം കൂടുതൽ ഭദ്രമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.