ശ്വാസം മുട്ടിച്ച്
text_fieldsഗസ്സ/ജറൂസലം: ഹോളോകോസ്റ്റിനുശേഷമുള്ള ഏറ്റവും കൊടിയ ദുരന്തമെന്ന് ഇസ്രായേലി മാധ്യമങ്ങൾ വിശേഷിപ്പിച്ച ഹമാസ് മിന്നലാക്രമണത്തിനു പിന്നാലെ, ഗസ്സക്കുമേൽ തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ മരണം 500 കവിഞ്ഞു. 8000ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കരവഴിയുള്ള ആക്രമണമാണ് വരാൻ പോകുന്നതെന്ന് സൂചന നൽകിയ ഇസ്രായേൽ ഗസ്സക്കുമേൽ, ഭക്ഷണമടക്കം വിലക്കുന്ന സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചു. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം തടയുന്ന സമ്പൂർണ ഉപരോധമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.
ശനിയാഴ്ച ദക്ഷിണ ഇസ്രായേൽ പട്ടണങ്ങളിൽ കടന്നുകയറി ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 800 കവിയും. 2300 പേർക്ക് പരിക്കുമുണ്ട്. ഗസ്സ അതിർത്തി പട്ടണമായ, നെഗേവ് മരുഭൂമിയിലെ കിബ്ബുസ് റീമിൽ സംഗീത നിശക്കെത്തിയവരാണ് കൊല്ലപ്പെട്ട 260 പേർ.
ഇതിനിടെ, സംഘർഷം വ്യാപിക്കുമെന്ന സൂചന നൽകി ഇസ്രായേൽ ദക്ഷിണ ലബനാനിൽ വ്യോമാക്രമണം നടത്തി. ലബനാൻ അതിർത്തി വഴി നുഴഞ്ഞുകയറിയ നിരവധിപേരെ വധിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടതിനു പിന്നാലെയാണ് അതിർത്തി കടന്നുള്ള ഹെലികോപ്ടർ ആക്രമണം.
വിമാനവാഹിനിക്കപ്പൽ അടക്കമുള്ള യു.എസ് കപ്പൽപ്പട ഇസ്രായേലിലേക്ക് നീങ്ങിയിട്ടുണ്ട്. അതേസമയം, മൂന്നാം കക്ഷിയുടെ ഇടപെടൽ കൂടുതൽ അപകടമായ അവസ്ഥ സൃഷ്ടിക്കുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. സൈനികശേഷി പരമാവധി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 3,00,000 റിസർവ് ഭടന്മാരെ ഇസ്രായേൽ തിരിച്ചുവിളിക്കുന്നുണ്ട്.
സൈനികരും സിവിലിയന്മാരുമായി നൂറിലേറെ പേരെ ഹമാസ് തടവുകാരാക്കിയിട്ടുമുണ്ട്. തങ്ങൾ ബന്ദികളാക്കിവെച്ച നാലു ഇസ്രായേൽ സൈനികർ അവരുടെ തന്നെ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ-ഖസ്സാം ബ്രിഗേഡ് അറിയിച്ചു. അഭയാർഥി ക്യാമ്പുകൾക്കും ജനങ്ങൾ അഭയം തേടിയ യു.എൻ സ്കൂളുകൾക്കും നേരെ ആക്രമണം വ്യാപിപ്പിച്ചതോടെ ഗസ്സയിൽ സുരക്ഷിതമായ ഒരിടവും ഇല്ലാത്ത സ്ഥിതിയാണ്. ഏറ്റവും തിരക്കേറിയ അഭയാർഥി ക്യാമ്പായ ജബാലിയയിലും ശാത്തി ക്യാമ്പിനും നേരെ ആക്രമണമുണ്ടായി. ജബാലിയയിൽ 50ലേറെ പേർ കൊല്ലപ്പെട്ടു.
ഹമാസ് ഏറ്റവും കൂടുതൽ ആക്രമണം നടത്തിയ ദക്ഷിണ ഇസ്രായേൽ നഗരമായ സിദറോത്തിൽ ഇപ്പോഴും സംഘർഷാവസ്ഥയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഹമാസ് കടന്നുകയറിയ ഗസ്സ വേലിയോട് ചേർന്നുള്ള തങ്ങളുടെ മുഴുവൻ നഗരങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ ഒമ്പത് പൗരന്മാർ കൊല്ലപ്പെട്ടതായി യു.എസ് വിദേശ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഉയരാമെന്നും സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂനിയൻ, ജർമനി, ഓസ്ട്രിയ എന്നിവ ഫലസ്തീനുള്ള സഹായം താൽക്കാലികമായി നിർത്തിവെച്ചു. ഫലസ്തീനുള്ള 69.1 കോടി യൂറോയുടെ വികസന സഹായം വിതരണം ചെയ്യുന്നത് മരവിപ്പിച്ചതായാണ് ഇ.യു അറിയിച്ചത്.
യു.എൻ രക്ഷാസമിതി ഞായറാഴ്ച അടിയന്തര യോഗം ചേർന്നു. ഹമാസ് ആക്രമണങ്ങളെ അംഗരാജ്യങ്ങൾ ശക്തമായി അപലപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതോടെയാണിത്. എന്നാൽ, എല്ലാ അംഗങ്ങളും അപലപിച്ചിട്ടില്ലെന്ന് യു.എസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പിന്നീട് പറഞ്ഞു. ഗസ്സ സംഘർഷം ചർച്ചചെയ്യാൻ യൂറോപ്യൻ യൂനിയൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ചർച്ചചെയ്യാൻ അറബ് ലീഗ് വിദേശമന്ത്രിമാർ ബുധനാഴ്ച കൈറോയിൽ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.