ഗസ്സയിൽ കുരുതിക്കളമായി സ്കൂളുകൾ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പേർ
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ വീട് നഷ്ടപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന സ്കൂളുകളും ക്യാമ്പുകളും തരിപ്പണമാക്കി ഇസ്രായേൽ ക്രൂരത. 10 ദിവസത്തിനിടെ എട്ടാമതും സ്കൂൾ തകർത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ അൽറാസി സ്കൂളാണ് ചൊവ്വാഴ്ച ഇസ്രായേൽ സേന ബോംബിങ്ങിൽ തകർത്തത്.
25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇവിടെ കഴിഞ്ഞ കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികൾ കൂട്ടക്കുരുതിക്കിരയാകുകയായിരുന്നു. ഇവിടെത്തന്നെ അബൂ ഉറൈബാൻ സ്കൂൾ, ഖാൻ യൂനുസിൽ യു.എൻ അഭയാർഥി ഏജൻസി നടത്തുന്ന അൽഔദ സ്കൂൾ എന്നിവയും രണ്ടു ദിവസത്തിനിടെ ചാരമാക്കപ്പെട്ടു. അബൂ ഉറൈബാൻ സ്കൂളിൽ 17 പേർ കൊല്ലപ്പെട്ടപ്പോൾ 80ഓളം പേർക്ക് പരിക്കേറ്റു.
അൽഔദയിൽ കഴിഞ്ഞ ദിവസം 29 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ആശുപത്രികളിലേറെയും നേരത്തേ പൂർണമായി തകർത്തതിനു പിറകെ സ്കൂളുകൾ കൂടി പൂർണമായി ഇല്ലാതാക്കുന്നതാണ് പുതിയ നടപടി. സുരക്ഷിത കേന്ദ്രമെന്ന് അടയാളപ്പെടുത്തിയ അൽമവാസിയിൽ നിരവധി ക്യാമ്പുകൾക്കു നേരെയും അടുത്തിടെ ആക്രമണം നടന്നിരുന്നു.
ആഴ്ചകൾക്കിടെ ഏറ്റവും രൂക്ഷമായ ബോംബിങ്ങാണ് സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ തുടരുന്നത്. ഒമ്പതു മാസമായി തുടരുന്ന വംശഹത്യക്കിടെ യു.എൻ അഭയാർഥി ഏജൻസിക്കു കീഴിലെ 70 ശതമാനം സ്കൂളുകളും തകർക്കപ്പെട്ടിട്ടുണ്ട്. ഏജൻസി നടത്തിയ 26 ആരോഗ്യ കേന്ദ്രങ്ങളിൽ 16ഉം പൂർണമായി ഇല്ലാതാക്കപ്പെട്ടു. ആക്രമണം കനപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ടാങ്കുകൾ വീണ്ടും റഫ ലക്ഷ്യമിട്ട് നീങ്ങുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
24 മണിക്കൂറിനിടെ 81 പേരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗസ്സയിലെ മരണസംഖ്യ 38,794 ആയി. 89,364 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കാണാതായ 10,000ത്തിലേറെ പേരിൽ കൂടുതൽ പേരും കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.