തണുത്ത് മരവിച്ച മരണം കാത്ത് ഗസ്സയിലെ ചോരപ്പൈതങ്ങൾ
text_fieldsഅസഹനീയമായ തണുപ്പ് ജീവനെടുക്കുമ്പോൾ മൂന്നാഴ്ചയായിരുന്നു ആ ചോരപ്പൈതലിന്റെ പ്രായം. അവൾ യുദ്ധഭൂമിയിലേക്ക് വരുന്നതിനു മുമ്പേ, ഗർഭിണിയായ മാതാവ് ബോംബുകളിൽനിന്ന് രക്ഷതേടി എത്രയോ തവണ ജീവനും കൊണ്ടോടി. ഒടുവിൽ അഭയം കണ്ടെത്തിയ, കാറ്റും മഴയും കീറിപ്പൊളിക്കുന്ന ടെന്റിലെ തണുപ്പിൽനിന്ന് കുഞ്ഞിനെ കാക്കാൻ ഹതഭാഗ്യരായ ആ മാതാപിതാക്കൾക്കായില്ല.
ഗസ്സയിൽ രണ്ടാഴ്ചക്കുള്ളിൽ കൊടുംതണുപ്പു മൂലമുള്ള ‘ഹൈപ്പോതെർമിയ’ ബാധിച്ച് മരിച്ച ആറ് നവജാതശിശുക്കളിൽ ഒരാളാണ് സിലയെന്ന് പേരിട്ടിരുന്ന ഇവരുടെ മകൾ. ‘അന്നേ ദിവസം കുഞ്ഞ് കുറച്ച് സമയത്തേക്ക് അനങ്ങിയിട്ടില്ലെന്ന് ഞാനെന്റെ ഭർത്താവിനോട് പറഞ്ഞു. കുഞ്ഞിന്റെ മുഖം നീലനിറമായിരുന്നു. നാവ് കടിച്ച നിലയിൽ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു’- മാതാവ് നരിമാൻ അൽ നജ്മെ ബി.ബി.സി ലേഖകനോട് ദാരുണമായ ആ സംഭവം വിവരിച്ചു.
തെക്കൻ ഗസ്സയിലെ കടൽത്തീരത്തെ തുണിക്കൂടാരത്തിൽ, നരിമാൻ അവളുടെ ഭർത്താവ് മഹ്മൂദ് ഫാസിഹിനോടും അവരുടെ നാലും രണ്ടരയും വയസ്സുള്ള കൊച്ചുകുട്ടികളോടുമൊപ്പം ഇരിക്കുന്നു. 14 മാസത്തെ യുദ്ധത്തിനിടെ 10ലധികം തവണയാണ് അവർ കുടിയിറക്കപ്പെട്ടത്. എന്റെ ഭർത്താവ് ഒരു മത്സ്യത്തൊഴിലാളിയാണ്. ഞങ്ങൾ വടക്കൻ ഗസ്സയിൽനിന്നുള്ളവരാണ്. വെറുംകയ്യോടെ ഇറങ്ങിപ്പോന്നവർ. ഗർഭകാലം മഴുവൻ കുഞ്ഞിനെ എങ്ങനെ നോക്കുമെന്ന ആശങ്കയിലായിരുന്നു ഞാൻ. ആ സമയത്തു തന്നെ കുഞ്ഞിന് എങ്ങനെ വസ്ത്രങ്ങൾ കണ്ടെത്തുമെന്ന് ഞാനാലോചിച്ചു. ഭർത്താവിന് ജോലിയൊന്നുമില്ലാത്തതിനാൽ ശരിക്കും വിഷമിച്ചു.
20 ദിവസം മാത്രം നീണ്ട ജീവിതത്തിനിടയിൽ അൽ മവാസി ‘മാനുഷിക മേഖല’യിലെ ചെറുതും തിങ്ങിനിറഞ്ഞതുമായ അഭയാർഥി ക്യാമ്പായിരുന്നു സിലയുടെ ‘വീട്’. ഗസ്സയിലെ മറ്റിടങ്ങളിൽ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ഫലസ്തീനികൾ അവിടെയുണ്ട്. അവരെയും അവിടെ നിന്ന് മാറ്റാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഗസ്സയിലെ ഹമാസിനും മറ്റ് സായുധ ഗ്രൂപ്പുകൾക്കുമെതിരായ നടപടിയെന്നു പറഞ്ഞ്, ഇസ്രായേൽ സൈന്യം മാനുഷിക മേഖലയായ അൽ മവാസിയെ ആവർത്തിച്ച് ആക്രമിച്ചു.
മുന്നോട്ട് പറക്കുന്ന ഇസ്രായേലി ഡ്രോണുകളുടെ ശബ്ദത്തിനിടെയിലൂടെ സിലയുടെ പിതാവ് മഹമൂദ് അവളുടെ ചേതനയറ്റ ശരീരം നസർ ആശുപത്രിയിൽ നിന്ന് ഖാൻ യൂനിസിലെ താൽക്കാലിക ഖബറിടത്തിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം മണലിൽ ഒരു ചെറിയ കുഴിമാടം കുഴിച്ചു.
സിലയെ വിശ്രമിക്കാൻ കിടത്തിയ ശേഷം മഹമൂദ് ഭാര്യയെ ആശ്വസിപ്പിച്ചു. ‘അവളുടെ സഹോദരങ്ങൾ രോഗികളും ക്ഷീണിതരുമാണ്. ഞങ്ങൾ എല്ലാവരും രോഗികളാണ്. ഞങ്ങളുടെ നെഞ്ച് വേദനിക്കുന്നു. തണുപ്പിലും മഴയിലും ഞങ്ങൾക്ക് ജലദോഷമുണ്ട്. ഞങ്ങൾ യുദ്ധത്തിൽ മരിക്കുന്നില്ലെങ്കിൽ, തണുപ്പിൽ മരിക്കുന്നു - നരിമാൻ പറയുന്നു.
സെൻട്രൽ ഗസ്സയയിലെ അൽ അഖ്‌സ ആശുപത്രിക്ക് പുറത്ത് യെഹിയ അൽ ബത്രനെന്ന യുവാവിന് തന്റെ മരിച്ച ആൺകുഞ്ഞിന്റെ ശരീരം അടക്കം ചെയ്യാനായി കയ്യിൽ ചുമന്നു നടക്കവെ വേദന അടക്കാനായില്ല. അവനും 20 ദിവസം മാത്രമേ ആയിരുന്നുള്ളൂ. സിലയെപ്പോലെ ശരീരം തണുത്ത് നീലിച്ചിരുന്നു. ‘നിങ്ങളുടെ കൈകൊണ്ട് ഒന്ന് തൊട്ടു നോക്കൂ. അവൻ മരവിച്ചിരിക്കുന്നു. ഞങ്ങൾ എട്ടുപേരുണ്ടായിരുന്നു ടെന്റിൽ. ഞങ്ങൾക്കിടയിൽ നാല് പുതപ്പുപോലുമില്ല. ഞാനെന്തുചെയ്യും? എന്റെ കുട്ടികൾ എന്റെ മുന്നിൽ മരിക്കുന്നത് ഞാൻ കാണുന്നു‘- ഹൃദയം തകർന്ന ആ യുവാവ് ബി.ബി.സി റിപ്പോർട്ടറോട് പറഞ്ഞു.
സിലയടക്കമുള്ള കുഞ്ഞുങ്ങളുടെ മരണം ബോംബാക്രമണം കൊണ്ടല്ല. എന്നാൽ, യുദ്ധം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ശിക്ഷാ വ്യവസ്ഥകൾ മൂലമാണ്. മോശം അടിസ്ഥാന സൗകര്യങ്ങളും വൃത്തിഹീനമായ അന്തരീക്ഷവുമാണ് ക്യാമ്പിലുള്ളത്. മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള തിരമാലകളും മഴയും മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം അനുഭവിക്കുന്നു. തണുപ്പ് അതികഠിനമാണ്. രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം ചുരുണ്ടുകൂടുന്നു -സിലയുടെ പിതാവ് മഹ്മൂദ് പറയുന്നു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കാരണം ഞങ്ങളുടെ ജീവിതം നരകമാണ്. എന്റെ കുടുംബത്തിലെ നിരവധി പേർ രക്തസാക്ഷികളായി. സഹിക്കാവുന്നതിനുമപ്പുറമാണ് ഞങ്ങളുടെ സാഹചര്യം.
രാത്രികാല താപനില 7ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞിരിക്കുന്നു. പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നതനുസരിച്ച് മോശം കാലാവസ്ഥ മൂലം കേടുപാടുകൾ സംഭവിച്ച ആയിരക്കണക്കിന് കൂടാരങ്ങൾ ഇവിടെ ഉണ്ടെന്നാണ്. അവിടങ്ങളിലെല്ലാം സിലയെപ്പോലെ എത്രയോ പൈതങ്ങൾ മരണം കാത്ത് കഴിയുന്നു. ഗസ്സയിലേക്കുള്ള ഭക്ഷണത്തിനും മറ്റ് സഹായ വിതരണത്തിനും ഇസ്രായേലിന്റെ കനത്ത നിയന്ത്രണങ്ങളുണ്ടെന്നും അത് യുദ്ധത്തിന്റെ മാനുഷിക പ്രതിസന്ധി വർധിപ്പിക്കുന്നുവെന്നും യു.എൻ പറയുന്നു.
ഖാൻ യൂനിസ് ഏരിയയിൽ സ്ഥാപിച്ച ബ്രിട്ടീഷ് ഫീൽഡ് ആശുപത്രിയലായിരുന്നു സിലയുടെ ജനനം. തെക്കൻ ഗസ്സയിലെ കടൽത്തീരത്ത് ചോർന്നൊലിക്കുന്ന കൂടാരത്തിലേക കുടുംബം പിന്നീടെത്തിയത്. പ്രസവ ശേഷം അവളുടെ പാലും നാപ്കിനും എങ്ങനെ സുരക്ഷിതമാക്കും എന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങി. കിട്ടിയതെല്ലാം വളരെ കഷ്ടപ്പാടിലൂടെയാണ് നേടിയത്. ഇത്രയും തണുപ്പും ഈർപ്പവുമുള്ള ഉള്ള ഒരു ടെന്റിനുള്ളിൽ ഞാൻ പ്രസവിച്ചു കിടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ മേൽ വെള്ളം ഒഴുകുന്നു. പലപ്പോഴും വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾക്ക് കുഞ്ഞിനെയുംകൊണ്ട് ഇറങ്ങി ഓടേണ്ടി വന്നു. ഈ യവസഥയിലും പ്രസവിച്ച സമയത്ത് അവളുടെ ആരോഗ്യം നല്ലതായിരുന്നു. പെട്ടെന്ന് തണുപ്പ് ബാധിക്കാൻ തുടങ്ങി. അവൾ തുമ്മുന്നത് ഞാൻ ശ്രദ്ധിച്ചു. അസുഖം പിടിപെട്ടു. പക്ഷേ, തണുപ്പ് കാരണം അവൾ മരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല‘- ആ മാതാവ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച സിലയെ ഖാൻ യൂനിസിലെ നസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കടുത്ത ഹൈപ്പോതെർമിയ ബാധിച്ചതായി അവിടെ ഉണ്ടായിരുന്ന പീഡിയാട്രിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഫറ പറഞ്ഞു. അത് ഹൃദയസ്തംഭനത്തിനും ഒടുവിൽ മരണത്തിനും കാരണമായി.
അതിനു തലേ ദിവസം അതുപോലെയുള്ള രണ്ട് കേസുകൾ വന്നു. ഒന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്. മറ്റൊന്ന് ഒരു മാസത്തിൽ താഴെയും. ഗുരുതരമായ ഹൈപ്പോതെർമിയ ആയിരുന്നു രണ്ട് കേസുകളിലും. ആ കുഞ്ഞുങ്ങളും മരണത്തിലൊടുങ്ങിയതായി ഡോ. ഫറ പറഞ്ഞു.
ശിശുക്കൾക്ക് തണുത്ത അന്തരീക്ഷത്തിൽ ഹൈപ്പോതെർമിയ എളുപ്പത്തിൽ പിടിപെടും. പ്രത്യേകിച്ച് മാസം തികയാതെയുള്ള കുഞ്ഞുങ്ങൾ ഏറെ അപകടസാധ്യതയുള്ളവരാണ്. യുദ്ധസമയത്ത് അകാല ജനനങ്ങളുടെ എണ്ണത്തിൽ വർധനവ് ഗസ്സയിലെ ഡോക്ടർമാർ നിരീക്ഷിച്ചതായി ഡോ.ഫറ പറയുന്നു. അമ്മമാരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അവർക്ക് കുഞ്ഞുങ്ങൾക്ക് വേണ്ടത്ര മുലപ്പാൽ നൽകാൻ കഴിയുന്നില്ല. മാനുഷിക സഹായ വിതരണങ്ങൾ നിയന്ത്രിച്ചിരിക്കുന്നതിനാൽ ശിശുക്കൾക്കുള്ള ഭക്ഷണത്തിന്റെ ദൗർലഭ്യവും കടുത്തതാണ്.
തടയാവുന്ന ഈ മരണങ്ങൾ ഗസ്സയിലുടനീളമുള്ള കുടുംബങ്ങളും കുട്ടികളും അഭിമുഖീകരിക്കുന്ന നിരാശാജനകവും വഷളായിക്കൊണ്ടിരിക്കുന്നതുമായ അവസ്ഥകൾ വെളിപ്പെടുത്തുന്നുവെന്ന് യുനിസെഫ് റീജിയണൽ ഡയറക്ടർ എഡ്വാർഡ് ബെയ്ഗ്ബെഡർ പറഞ്ഞു. വരും ദിവസങ്ങളിൽ താപനില ഇനിയും കുറഞ്ഞേക്കുമെന്നും കൂടുതൽ കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.