ഗസ്സ വെടിനിർത്തൽ ചർച്ച നിർത്തി; പ്രതിനിധികൾ മടങ്ങി
text_fieldsകൈറോ: ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഈജിപ്തിലെ കൈറോയിൽ നടന്നുവന്ന മധ്യസ്ഥ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ വെള്ളിയാഴ്ച കൈറോയിൽനിന്ന് മടങ്ങി. മധ്യസ്ഥരായ ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രായേൽ നിരസിക്കുകയായിരുന്നു.
തങ്ങൾ പോസിറ്റീവായി പ്രതികരിച്ചിട്ടുണ്ടെന്നും ഇനി ഇസ്രായേലാണ് തീരുമാനിക്കേണ്ടതെന്നും ഹമാസ് നേതൃത്വം പറഞ്ഞു. നേരത്തേ വിവിധ ഘട്ടങ്ങളിൽ ചർച്ച അലസിപ്പിരിഞ്ഞെങ്കിലും പിന്നീട് പുനരാരംഭിച്ചു. അതുകൊണ്ടുതന്നെ ചർച്ചയുടെ അവസാന വാതിൽ അടഞ്ഞെന്ന് പറയാനാകില്ല.
ഇരുപക്ഷവും നിലപാടിൽ അയവുവരുത്തണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രി ആവശ്യപ്പെട്ടു. ധാരണയിലെത്താൻ ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കൻ ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചു. മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് ചർച്ച ചെയ്തിരുന്നത്.
വെടിനിർത്തിയാൽ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് തീവ്രവലതുപക്ഷ സഖ്യകക്ഷികൾ ഭീഷണി മുഴക്കിയതോടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആക്രമണവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയുടെ ഉൾപ്പെടെ സമ്മർദ്ദങ്ങളെ അവഗണിച്ചാണ് ഇസ്രായേൽ ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. വേണ്ടിവന്നാൽ ഒറ്റക്ക് പോരാടുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന അമേരിക്കയോടുള്ള പ്രതികരണമാണ്.
ഖാൻ യൂനിസിൽ വീടിനുമേൽ ബോംബിട്ട് എട്ട് മരണം
ഗസ്സ: ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റു. തെക്കൻ ഗസ്സയിലെ റഫയിൽ ആക്രമണം ശക്തമാക്കിയതോടെ ഫലസ്തീനികൾ അഭയം തേടിപ്പോകുന്ന സ്ഥലങ്ങളിലൊന്നാണ് സെൻട്രൽ ഗസ്സയിലെ ഖാൻ യൂനിസ്. ഗസ്സ സിറ്റിയിലെ യർമൂഖ് സ്ട്രീറ്റിലെ വീടിനു മേൽ ബോംബിട്ട് മൂന്നുപേരെ കൊലപ്പെടുത്തി. ഗസ്സ സിറ്റിയുടെ പരിസര പ്രദേശങ്ങളായ സൈത്തൂൻ, സബ്ര, നസ്ർ, തലഅൽ ഹവ, ശാതി അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.