ഗസ്സ വെടിനിർത്തൽ: യു.എൻ രക്ഷാസമിതിയിൽ പുതിയ പ്രമേയം
text_fieldsയുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നും ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ കഴിഞ്ഞ ദിവസം അമേരിക്ക കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിന് പിന്നാലെ ബദൽ പ്രമേയം വോട്ടെടുപ്പിന് ഒരുങ്ങുന്നു. റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെയാണ് പത്ത് രക്ഷാസമിതി അംഗങ്ങൾ ബദൽ പ്രമേയം കൊണ്ടുവന്നത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തും.
ഉടൻ വെടിനിർത്തലിന് ഇസ്രായേലിനെ സമ്മർദത്തിലാക്കാത്ത, രാഷ്ട്രീയവത്കരിച്ച ഭാഷ എന്ന് വിലയിരുത്തിയാണ് യു.എസ് പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തത്. ബദൽ പ്രമേയത്തിൽ സ്ഥിരം വെടിനിർത്തലിലേക്ക് നയിക്കുന്ന രീതിയിൽ റമദാനിൽ അടിയന്തര മാനുഷിക വെടിനിർത്തലിന് ആവശ്യപ്പെടുന്നു. ഗസ്സയിൽ സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും മാനുഷിക സഹായം എത്തിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
എന്നാൽ, ഈ നടപടി ഈജിപ്തിൽ നടക്കുന്ന സമാധാന ചർച്ചകളെ ബാധിക്കുമെന്നും മേശപ്പുറത്തുള്ള ചർച്ചയിൽനിന്ന് പിന്മാറാൻ ഹമാസിന് ഒഴിവുകഴിവ് നൽകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. പുതിയ പ്രമേയത്തിന് അറബ് രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.