ഗസ്സ വെടിനിർത്തൽ: ചർച്ച അവസാന ഘട്ടത്തിലെന്ന്
text_fieldsകൈറോ: 45,000 പിന്നിട്ട് മരണം പെയ്യുന്ന ഗസ്സയിൽ വെടിനിർത്തൽ ദിവസങ്ങൾക്കുള്ളിലെന്ന് സൂചന നൽകി റിപ്പോർട്ടുകൾ. പ്രാഥമിക ചർച്ചകൾ വിജയമായതിന്റെ അടിസ്ഥാനത്തിൽ ഉപാധികൾ സംബന്ധിച്ച അവസാനവട്ട സംഭാഷണങ്ങൾ പുരോഗമിക്കുകയാണ്. ഇസ്രായേലും ഹമാസും വെടിനിർത്തൽ നടപ്പാകുമെന്ന സൂചന നൽകിക്കഴിഞ്ഞിട്ടുണ്ട്.
ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിക്കുന്ന ദോഹ ചർച്ചകളിൽ ബന്ദികളുടെയും തടവുകാരുടെയും മോചനവും വെടിനിർത്തലും സംബന്ധിച്ച് തീർപ്പായതാണെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെക്കാതിരുന്നാൽ ഉടൻ പ്രാബല്യത്തിലാകുമെന്നും ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
പ്രാഥമിക ചർച്ചകൾ പ്രകാരം ആദ്യഘട്ടത്തിൽ വെടിനിർത്തലും നഗരങ്ങളിൽനിന്ന് സൈനിക പിന്മാറ്റവും നടക്കും. എന്നാൽ, തെക്കു-വടക്കൻ ഗസ്സകൾക്ക് നടുവിൽ ഇസ്രായേൽ പുതുതായി നിർമിച്ച നെറ്റ്സാറിം ഇടനാഴിയിലും റഫ അതിർത്തിയോട് ചേർന്ന ഫിലഡെൽഫി ഇടനാഴിയിലും സൈന്യം തുടരും. വടക്കൻ ഗസ്സയിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കും മടങ്ങാൻ അനുവാദം നൽകും. പുരുഷന്മാരുടെ മടക്കം വൈകും. ആദ്യഘട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന്മേൽ ചർച്ച നടക്കുകയാണ്. റഫ അതിർത്തിയിൽ നിയന്ത്രണം ഫലസ്തീൻ അതോറിറ്റിക്ക് കൈമാറുന്നതും വൈകും.
ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിന്മാറണമെന്ന് നേരത്തെ ഉന്നയിച്ചിരുന്ന ആവശ്യം ഹമാസ് തൽക്കാലം ഒഴിവാക്കും. തുടർഘട്ടങ്ങളിൽ ഇത് പരിഗണിച്ചേക്കും.
യഹ്യ സിൻവാറും ഇസ്മാഈൽ ഹനിയ്യയുമടക്കം പ്രമുഖർ നഷ്ടപ്പെടുകയും ഹിസ്ബുല്ല ദുർബലമാവുകയും ചെയ്തെങ്കിലും ഹമാസ് നിലപാടുകളിൽ ഇതുവരെയും കാര്യമായ വിട്ടുവീഴ്ചകളുണ്ടായിരുന്നില്ല. മറുവശത്ത്, മധ്യസ്ഥരുടെ സാന്നിധ്യത്തിൽ വെടിനിർത്തൽ പ്രഖ്യാപനത്തോളമെത്തിയ വേളകളിൽ പുതിയ നിബന്ധനകൾ അവതരിപ്പിച്ച് ഇസ്രായേൽ മുടക്കുന്നതും പതിവാണ്. താൻ അധികാരമേറുംമുമ്പ് ബന്ദി മോചനം പൂർണമായില്ലെങ്കിൽ ഹമാസ് ശരിക്കും അനുഭവിക്കേണ്ടിവരുമെന്ന് നേരത്തെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
നിലവിൽ 45,059 ഫലസ്തീനികൾ കൊല്ലപ്പെട്ട ഗസ്സയിൽ 107,041 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.