ഗസ്സയിൽ വെടിനിർത്തലിന് തുരങ്കംവെച്ചു; യു.എസിനെതിരെ ലോകം
text_fieldsന്യൂയോർക്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിൽ നടുങ്ങി ലോക മനഃസാക്ഷി. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ തലേന്ന് യു.എസ് നടത്തിയ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. യു.എൻ സെക്രട്ടറി ജനറൽ അേന്റാണിയോ ഗുട്ടെറസ് പ്രത്യേകാധികാരം പ്രയോഗിച്ചാണ് രക്ഷാസമിതി യോഗം വിളിച്ചുചേർത്തത്. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ബ്രിട്ടൻ വിട്ടുനിന്നു.
അടിയന്തര വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിയിൽ അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി അതൃപ്തി പ്രകടിപ്പിച്ചു. നടപടി നിരാശജനകവും പ്രതിഷേധാർഹവുമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി തുറന്നടിച്ചു. ഇസ്രായേലിനെ അടിയന്തര വെടിനിർത്തലിന് പ്രേരിപ്പിക്കാൻ നടപടികൾ കൈക്കൊള്ളാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അമേരിക്കയോട് സമിതി ആവശ്യപ്പെട്ടു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
യു.എൻ രക്ഷാസമിതിയുടെ പരാജയം നിരാശജനകമാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വ്യക്തമാക്കി. നിർണായക വെടിനിർത്തൽ പ്രമേയത്തിന് അനുകൂലമായി സ്ഥിരാംഗങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിലുള്ള അതൃപ്തിയും പ്രതിഷേധവും സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പ്രകടിപ്പിച്ചു.
രക്ഷാസമിതി പുനഃസംഘടിപ്പിക്കേണ്ട സമയമായെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തുറന്നടിച്ചു. വെടിനിർത്തൽ പ്രമേയം അംഗീകരിക്കാൻ കഴിയാതെ പോയത് ദുരന്തമാണെന്ന് നോർവേ മന്ത്രി എസ്പെൻ ബാർത്ത് എയ്ദ് പറഞ്ഞു. പ്രമേയം പരാജയപ്പെട്ടത് ഖേദകരവും നിരാശജനകവുമാണെന്ന് ചൈനയുടെ യു.എൻ പ്രതിനിധി ഷാങ് ജൂൻ പറഞ്ഞു. .ഗസ്സയിലെ ക്രൂരതകൾക്ക് നയതന്ത്ര പരിരക്ഷ നൽകുന്നതിലൂടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ചിലർക്കു മാത്രമാണെന്നും ചിലരുടെ ജീവൻ മറ്റു ചിലരുടെ ജീവനേക്കാൾ വില കുറഞ്ഞതാണെന്നുമുള്ള സന്ദേശമാണ് നൽകുന്നതെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന കുറ്റപ്പെടുത്തി. യു.എസ് വീറ്റോ മാനുഷിക നിയമങ്ങളെ ലജ്ജാകരമായി അവഹേളിക്കുന്നതാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
യുദ്ധം തുടരുന്നതിന് അമേരിക്ക പിന്തുണ നൽകുന്നിടത്തോളം കാലം മേഖലയിൽ അനിയന്ത്രിതമായ വിസ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാൻ പറഞ്ഞു.
പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.