കുരുതി തുടർന്ന് ഇസ്രായേൽ; ഗസ്സയിലുടനീളം ആക്രമണം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പേർ
text_fieldsവാഷിങ്ടൺ: യു.എൻ രക്ഷാസമിതി അടിയന്തര വെടിനിർത്തൽ പ്രമേയം പാസാക്കി 24 മണിക്കൂർ പിന്നിട്ടിട്ടും നടപടിയെടുക്കുന്നതിന് പകരം ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. ലോകം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാലും വഴങ്ങില്ലെന്ന ധിക്കാരവുമായാണ് റഫയിലും ഖാൻയൂനുസിലും വടക്കൻ ഗസ്സയിലുമടക്കം വ്യാപകമായി ഇന്നലെയും ഇസ്രായേൽ ബോംബുവർഷം തുടർന്നത്.
വെടിനിർത്തൽ നടപ്പാക്കുന്നതിന് പകരം എല്ലാ ലക്ഷ്യങ്ങളും നേടുംവരെ ഇസ്രായേൽ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇതിന്റെ തുടർച്ചയായി ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽനിന്ന് ഇസ്രായേൽ സംഘത്തെ നെതന്യാഹു തിരിച്ചുവിളിച്ചു. വെടിനിർത്താൻ ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. 15 ലക്ഷത്തോളം ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണം ഉടൻ ആരംഭിക്കാനാണ് ഇസ്രായേൽ നീക്കം. ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളും നിലപാട് അറിയിച്ചിട്ടുണ്ട്.
ബന്ദികളുടെ മോചനം നിബന്ധനയാകാതെ റമദാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയത്. 15 അംഗ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും അനുകൂലമായി വോട്ടു ചെയ്തപ്പോൾ അമേരിക്ക വിട്ടുനിന്നു. ആദ്യമായാണ് ഗസ്സ വെടിനിർത്തൽ പ്രമേയ വോട്ടിങ്ങിൽ അമേരിക്ക വീറ്റോ പ്രയോഗിക്കാതിരുന്നത്. ഹമാസിനെ കുറ്റപ്പെടുത്താത്ത പ്രമേയമായതിനാലാണ് അനുകൂലമായി വോട്ടുചെയ്യാതിരുന്നതെന്നാണ് യു.എസ് വിശദീകരണം. ഇസ്രായേലിനൊപ്പം നിൽക്കാത്ത യു.എസ് നീക്കം തത്ത്വാധിഷ്ഠിത നിലപാടിൽനിന്നുള്ള പിന്മാറ്റമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ യു.എസ് സന്ദർശനം റദ്ദാക്കിയിരുന്നു. എന്നാൽ, യു.എൻ പ്രമേയം സ്വാഗതം ചെയ്ത ഹമാസ് വെടിനിർത്തൽ ശാശ്വതമാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമേയം നിർബന്ധമായും നടപ്പാക്കണമെന്നും പരാജയപ്പെടുന്നത് പൊറുക്കാനാവാത്തതാകുമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കേണ്ട ഇസ്രായേൽ പക്ഷേ, 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 81 പേർ. 93 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഫയിൽ കുടുംബം താമസിച്ച വീടിനുമേൽ ബോംബുവീണ് ഒമ്പതു കുഞ്ഞുങ്ങളടക്കം 18 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫക്ക് സമീപം കെട്ടിടത്തിനുമേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇതോടെ, ഗസ്സയിൽ മരണസംഖ്യ 32,414 ആയി. അതിനിടെ, ഹമാസ് നേതാവ് ഇസ്മമാഈൽ ഹനിയ്യ ടെഹ്റാനിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ചർച്ച നടത്തി.
ഭക്ഷ്യക്കിറ്റുകൾ കടലിൽ; എടുക്കാനിറങ്ങിയ 18 പേർ മരിച്ചു
ഗസ്സ സിറ്റി: ഗസ്സക്കാർക്ക് ഇസ്രായേൽ കരമാർഗം മുടക്കിയ ഭക്ഷ്യസഹായം ആകാശമാർഗം എത്തിച്ചത് ദുരന്തമായി. മെഡിറ്ററേനിയൻ കടലിൽ ഇറക്കിയ ഭക്ഷ്യക്കിറ്റുകൾ പെറുക്കാൻ ഇറങ്ങിയ 18 പേരാണ് ഒറ്റ ദിവസത്തിനിടെ മരിച്ചത്. 12 പേർ മുങ്ങിമരിച്ചപ്പോൾ ആറുപേർ തിക്കിലും തിരക്കിലും മരിക്കുകയായിരുന്നുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നൂറുകണക്കിന് പേർ ഇവ പെറുക്കാനായി ആഴക്കടലിലേക്ക് നീന്തുകയായിരുന്നു. ഗസ്സയിൽ ഈ മാസാദ്യം ഭക്ഷ്യക്കിറ്റുകൾ തലയിൽ വീണ് അഞ്ചു പേർ മരിച്ചിരുന്നു.
ഗസ്സയെ രക്ഷിക്കണം -ഒറ്റക്കെട്ടായി ലോകം
വാഷിങ്ടൺ: ലോകം മുഴുവൻ എതിരായാലും ഇസ്രായേൽ ക്രൂരതകൾക്ക് ഉറച്ച കൂട്ടു നൽകുകയെന്ന ഏറെയായുള്ള യു.എസ് നയം മാറിനിന്ന ദിനമായിരുന്നു തിങ്കളാഴ്ച. 15 അംഗ യു.എൻ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും അനുകൂലമായി വോട്ടുചെയ്തപ്പോൾ യു.എസ് വിട്ടുനിന്നു. മറ്റു രാജ്യങ്ങളെല്ലാം ഒരേ സ്വരത്തിൽ ഇസ്രായേലിന് താക്കീതായി വെടിനിർത്തൽ ആവശ്യപ്പെട്ടപ്പോൾ സ്വാഭാവികമായും ആദ്യമായി പ്രമേയം സഭ കടന്നു.
കടുത്ത ഭാഷയിലായിരുന്നു ലോകരാജ്യങ്ങൾ ഇസ്രായേലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പ്രതികരിച്ചത്. ഫലസ്തീനികൾക്കെതിരെ മനുഷ്യത്വരഹിതമായ ഇസ്രായേലി സൈനിക നീക്കം ഇനിയും മുന്നോട്ടുപോകുന്നതിന് പകരം സമാധാന താൽപര്യങ്ങൾക്കായി ഉപയോഗിക്കാൻ പ്രമേയം സഹായിക്കണമെന്ന് സഭയിൽ റഷ്യൻ അംബാസഡർ വാസിലി അലക്സീവിച്ച് പറഞ്ഞു. ‘‘രക്ഷാസമിതി ഗസ്സ വിഷയത്തിൽ പുലർത്തുന്ന നിശ്ശബ്ദത അമ്പരപ്പിക്കുന്നതാണ്. അടിയന്തരമായി പരിഹാരം കാണേണ്ട സമയമാണിത്.
വെടിനിർത്തൽ ശാശ്വതമാക്കാനാകണം’’ -ഫ്രഞ്ച് അംബാസഡർ നികൊളാസ് ഡി റിവിയ അഭിപ്രായപ്പെട്ടു. പ്രമേയം അടിയന്തരമായി നടപ്പാക്കണമെന്നും ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിവ കേന്ദ്രീകരിച്ച് പുതിയ ഫലസ്തീൻ സർക്കാർ ഉടൻ രൂപവത്കരിക്കണമെന്നുമായിരുന്നു ബ്രിട്ടീഷ് പ്രതിനിധി വുഡ്‍വാർഡിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.