ഗസ്സ: മുന്നറിയിപ്പുമായി ജി.സി.സി; സംഘർഷം വ്യാപിക്കും
text_fieldsദോഹ: രണ്ടു മാസത്തിലേക്കു നീളുന്ന ഇസ്രായേൽ അധിനിവേശസേനയുടെ ഗസ്സ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് 44ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി.
യുദ്ധം ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ മേഖലയിലെ മറ്റിടങ്ങളിലേക്കും സംഘർഷം വ്യാപിക്കുമെന്നും ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെതന്നെ സുരക്ഷക്കും സമാധാനത്തിനും തിരിച്ചടിയാകുമെന്നും ദോഹയിൽ സമാപിച്ച ഉച്ചകോടി മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെട്ട്, യുദ്ധം പൂർണമായി അവസാനിപ്പിക്കണമെന്നും ഫലസ്തീനികളുടെ സമാധാനം ഉറപ്പാക്കണമെന്നും ആറ് ഗൾഫ് രാഷ്ട്ര നേതാക്കളും തുർക്കി പ്രസിഡന്റും പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലേക്കുള്ള മാനുഷികസഹായങ്ങൾ എത്തിക്കുന്നതിനായി അടിയന്തര വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കാനുമായി സാധ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും ഉറപ്പാക്കണം.
‘സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ നടപടിയിൽ നടുക്കം രേഖപ്പെടുത്തുന്നു. സിവിലിയൻ സംവിധാനങ്ങൾക്കെതിരായ വിവേചനരഹിതമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്’ -സംയുക്ത പ്രസ്താവന വിശദീകരിക്കുന്നു.
അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ദോഹ ആതിഥേയത്വം വഹിച്ച ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നിവർക്കൊപ്പം സൗഹൃദരാഷ്ട്ര പ്രതിനിധിയായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പങ്കെടുത്തു.
ഗസ്സയുടെ പുനർനിർമാണത്തിനായി നേരത്തേയുള്ള തീരുമാനപ്രകാരം ജി.സി.സി രാജ്യങ്ങൾ ഇനിയും ശക്തമായി നിലകൊള്ളും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും മാനുഷിക സഹായമെത്തിച്ചും ഫലസ്തീൻ സഹോദരങ്ങളെ ചേർത്തുനിർത്തും. 2009ലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സഹായം ഇനിയും തുടരുമെന്നും ഗസ്സയുടെ പുനർനിർമാണത്തിൽ ജി.സി.സി രാജ്യങ്ങളും ഭാഗമാവുമെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.