ഗസ്സ വംശഹത്യ: ഇസ്രായേലിനെതിരായ കേസ് ഇന്ന് അന്താരാഷ്ട്ര കോടതിയിൽ
text_fieldsഹേഗ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഫലസ്തീനി വംശഹത്യക്കെതിരായ കേസിൽ ഇന്ന് അന്താരാഷ്ട്ര കോടതി വാദം കേൾക്കും. ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വാദം കേൾക്കുക. ഇസ്രായേൽ ഒപ്പുവെച്ച 1948ലെ വംശഹത്യ ചട്ടങ്ങൾ ഇസ്രായേൽ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്മാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
ഭക്ഷണം, വെള്ളം, ആതുരശുശ്രൂഷ എന്നിവ മുടക്കിയത് ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ ലക്ഷ്യമിട്ടാണെന്നും ബിന്യമിൻ നെതന്യാഹുവടക്കം ഇസ്രായേൽ മന്ത്രിമാരുടെ വംശഹത്യ അനുകൂല പ്രസ്താവനകൾ ഇതിന് തെളിവാണെന്നും ദക്ഷിണാഫ്രിക്ക നൽകിയ കേസ് മുന്നോട്ടുവെക്കുന്നു.
അന്തിമ വിധി വരാൻ വർഷങ്ങളെടുക്കാമെങ്കിലും അടിയന്തര വെടിനിർത്തലിന് ഇടക്കാല ഉത്തരവ് വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. വംശഹത്യ നടത്തിയെന്നു മാത്രമല്ല, അതിന് പ്രേരണ നൽകൽ, വംശഹത്യക്ക് ശ്രമിച്ചവരെ ശിക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇസ്രായേൽ നേരിടുന്നു.
ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. യുദ്ധനിയമങ്ങൾക്കെതിരായി ലക്ഷ്യമില്ലാതെ വർഷിക്കുന്ന ബോംബുകളാണ് ഗസ്സയിൽ ഇസ്രായേൽ പ്രയോഗിച്ചതിലേറെയും. രക്ഷപ്പെട്ട് അഭയം തേടിയെത്തിയ ഇസ്രായേൽ ബന്ദികളെപോലും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു.
ഫലസ്തീനികളെ ഗസ്സയിൽ നിന്ന് വംശീയമായി തുടച്ചുനീക്കൽ തന്നെയാണ് ഇസ്രായേൽ ലക്ഷ്യമെന്നും 84 പേജ് വരുന്ന പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.