കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; 400 ദിനം പിന്നിട്ട് അധിനിവേശം
text_fieldsഗസ്സ: ഗസ്സ യുദ്ധം 400 ദിനം പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് വഴികളൊന്നും കാണുന്നില്ല. സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രായേൽ നടപടി അനുസ്യൂതം തുടരുകയാണ്. 24 മണിക്കൂറിനിടെ ഗസ്സയിൽ 51 പേരെയും ലബനാനിൽ 35 പേരെയും വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ടാണ് 33 പേരെ കൊലപ്പെടുത്തിയത്. ലബനാനിലെ വടക്കൻ ബൈറൂതിൽ ആൽമാത് ഗ്രാമത്തിലാണ് 20 പേർ കൊല്ലപ്പെട്ട വ്യോമാക്രമണം.
ലബനാനിലെ ടയെർ, റാസ് അൽ ഐൻ, നബാതിയ, ബെക്ക, ബിൻത് ജബൈൽ, ഹനാവി, ഹോഷ്, മജ്ദൽ സൂൻ, ദാഹിറ എന്നിവിടങ്ങളിലും ആക്രമണം നടത്തി. ഗസ്സയിൽ ഇതുവരെ 43,603 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,02,929 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വടക്കൻ ഗസ്സയെ പൂർണമായി വാസയോഗ്യമല്ലാതാക്കുന്ന ആക്രമണമാണ് തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി തകർക്കുന്നു. വീടുകളും ജലസ്രോതസ്സുകളും റോഡുകളും തകർക്കുന്നു. വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് എഡിറ്റോറിയലിൽ എഴുതി. അതിനിടെ വെടിനിർത്തലിനായി മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഈജിപ്ത് വ്യക്തമാക്കി. തങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ തൽക്കാലം നിർത്തുകയാണെങ്കിലും ഇരുപക്ഷവും ഗൗരവപൂർവം സന്നദ്ധമാവുകയാണെങ്കിൽ വീണ്ടും ഇടപെടാൻ തയാറാണെന്നാണ് ഖത്തർ നിലപാട്.
യുദ്ധം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാൻ പോകുന്ന ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് ഫോൺ സംഭാഷണത്തിൽ പറഞ്ഞതും നേരിയ പ്രതീക്ഷ ബാക്കിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.