ഗസ്സയിലെ കൂട്ടക്കുരുതി: ലോകം തിരുപ്പിറവി ദിനത്തിൽ; ബത്‌ലഹേമിൽ ക്രിസ്മസ് ആഘോഷങ്ങളില്ല
text_fieldsബത്‌ലഹേം: യേശു പിറന്ന ബത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല. ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചാണ് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ആഘോഷം ഉപേക്ഷിച്ചത്.
ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും നടക്കാറുള്ളത്. ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും ഇന്ന് വിജനമായി കിടക്കുകയാണ്.
ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കിൽ ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിലാകുമെന്ന് മുൻതർ ഐസക് ചൂണ്ടിക്കാട്ടി. ക്രിസ്മസിന് മുന്നോടിയായി നടത്തിയ വിലാപ പ്രാർഥനയിൽ ഗസ്സയിലെ സമാധാനത്തിന് മുൻതർ ഐസക് ആഹ്വാനം ചെയ്തു.
നാം ശക്തിയിലും ആയുധങ്ങളിലും ആശ്രയിക്കുമ്പോൾ, കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണത്തെ ന്യായീകരിക്കുമ്പോൾ, യേശു അവശിഷ്ടങ്ങൾക്ക് അടിയിലാണ്. ഉടൻ തന്നെ വംശഹത്യ അവസാനിപ്പിക്കണമെന്നും മുൻതർ ഐസക് ചൂണ്ടിക്കാട്ടി.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8000ത്തോളം പേർ കുട്ടികളാണ്. 53,688 പേർക്കാണ് ഇതുവരെ പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ 70 വർഷങ്ങൾക്ക് മുമ്പ് 86 ശതമാനത്തിലധികം ക്രൈസ്തവരായിരുന്നു. 1948ലെ യുദ്ധത്തിന് ശേഷം ഈ എണ്ണം കുറഞ്ഞു. 2017ൽ ഫലസ്തീൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫലസ്തീനിലെ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗസ്സ എന്നിവിടങ്ങളിലായി 47,000 ക്രൈസ്തവരാണുള്ളത്. വെസ്റ്റ് ബാങ്കിലാണ് 98 ശതമാനവും താമസിക്കുന്നത്. ഗസ്സയിൽ 1,000തോളം പേർ ഉൾപ്പെടുന്ന ചെറിയ സമൂഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.