വരുന്നതിലധികവും കൈയോ, കാലോ അറ്റുപോയവർ; പരിക്കേറ്റവരാൽ നിറഞ്ഞ് ഗസ്സയിലെ ആശുപത്രി
text_fieldsഗസ്സ സിറ്റി: ഫലസ്തീന് നേരെ ഇസ്രായേൽ നടത്തുന്ന നരനായാട്ട് തുടരുന്നതിനിടെ പരിക്കേറ്റവരാൽ നിറഞ്ഞ് ഗസ്സയിലെ ആശുപത്രി. കഴിഞ്ഞദിവസം രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ആശുപത്രിയിൽ ചുറ്റും ഭീതിനിറഞ്ഞ രംഗങ്ങളാണ്. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിലെത്തുന്നത്. ബോംബാക്രമണത്തിൽ പരിക്കേറ്റ പലർക്കും കൈയോ, കാലോ അറ്റുപോയിരുന്നുവെന്ന് ഗസ്സ സിറ്റിയിലെ അൽഷിഫ ആശുപത്രി നഴ്സ് ഷൈമ അഹ്മദ് ഖ്വൈദർ പറഞ്ഞു.
ജീവിതത്തിൽ ഇതുവരെ ഇത്തരം രംഗങ്ങൾ കണ്ടിട്ടില്ല. കരളലയിപ്പിക്കുന്ന രംഗങ്ങളാണ് ചുറ്റും -ഷൈമ അഹ്മദ് അൽജസീറ ചാനലിനോട് പറഞ്ഞു.
കെട്ടിടങ്ങൾ തകർന്ന് റോഡുകളിൽ വീണുകിടക്കുന്നതിനാൽ രക്ഷാ പ്രവർത്തകർക്കും പെട്ടെന്ന് പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് എത്താനാവാത്ത സ്ഥിതിയാണ്. ഇസ്രായേൽ ആക്രമണങ്ങളിൽ 1200 പേർക്കാണ് പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ പകുതിയോളം കുട്ടികളും സ്ത്രീകളുമാണ്. റോഡുകളിലൂടെയുള്ള യാത്ര ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിൽ ഇസ്രായേൽ സൈന്യം കെട്ടിടങ്ങൾ തകർക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മിദ്ഹത് അബ്ബാസ് പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ജയിൽ ശിക്ഷയിൽ നിന്ന് രക്ഷ നേടാനായി ഫലസ്തീൻ കുട്ടികളെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗസ്സയിലെ ആശുപത്രി നിറഞ്ഞു കവിഞ്ഞു. ഇസ്രായേൽ ഉപരോധവും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിൽ ഗസ്സയിൽ മരുന്നുകളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ലഭ്യതക്കുറവുണ്ട്. രോഗികൾ ഈ അവസരത്തിൽ ഈജിപ്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിദ്ഹത് അബ്ബാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.