കരഞ്ഞുകലങ്ങി ഗസ്സ; തുടച്ചുനീക്കപ്പെട്ട് കുടുംബങ്ങൾ
text_fieldsഗസ്സ സിറ്റിയിലെ അഹ്ലി അറബ് ആശുപത്രിയിൽ ഇസ്രായേലി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികിൽ വിലപിക്കുന്ന ബന്ധുക്കൾ
ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ ഒരുവശത്ത് തുടരുന്നതിനാൽ എല്ലാം ശരിയാകുമെന്നും നീണ്ട ഇടവേളക്കുശേഷം ആഹ്ലാദത്തിന്റെ പെരുന്നാൾ എത്തുമെന്നും കാത്തിരിപ്പിലായിരുന്നു ഗസ്സയിലെ 20 ലക്ഷം കുടുംബങ്ങൾ. ഏറെപേരും അടുത്തനാളിലെ വ്രതമെടുക്കാൻ തീരുമാനമെടുത്ത് പ്രതീക്ഷയോടെ ഉറങ്ങിയവർ.
അവരുടെ നിറമുള്ള സ്വപ്നങ്ങൾ മാത്രമല്ല, ജീവിതവും തകർത്താണ് ചൊവ്വാഴ്ച പുലർച്ച രണ്ടുമണിയോടെ ഇസ്രായേൽ ബോംബറുകളും അതിർത്തിക്കപ്പുറത്തെ പീരങ്കികളും ഒന്നിച്ച് തീതുപ്പിയത്. കെട്ടിടങ്ങളിൽ 80 ശതമാനവും നേരത്തേ തകർക്കപ്പെട്ട ഗസ്സ തുരുത്തിലെ ഉള്ള സൗകര്യങ്ങളിൽ ഞെരുങ്ങിക്കഴിയുന്നവർക്കു മേലായിരുന്നു മരണം വർഷിച്ചത്.
തനിക്ക് കുടുംബത്തിലെ 26 പേരെയാണ് ഒറ്റരാത്രിയിൽ നഷ്ടമായതെന്ന് പറയുന്നു ഗസ്സ സിറ്റിയിലെ മുഅ്മിൻ ഖുറൈഖിഹ്. കുടുംബമൊന്നിച്ച് രാത്രി ഉറങ്ങുന്നതിനിടെയാണ് ഭീകരശബ്ദത്തിൽ ബോംബുകൾ പതിച്ചത്. കെട്ടിടത്തിനടിയിലായ പലരെയും ഇനിയും കണ്ടെത്താനായില്ലെന്നും മുഅ്മിൻ പറയുന്നു.
ആശുപത്രികൾ നിറയെ ചോര പുതച്ച നിലയിലാണെന്നും ഗസ്സ ഒരിക്കലൂടെ കൊലക്കളമായി മാറിയെന്നും അൽജസീറക്കായി ഗസ്സ സിറ്റിയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹാനി മഹ്മൂദ് പറഞ്ഞു. അൽഅഹ്ലി ആശുപത്രിയിൽ നിഷ്കളങ്കത തുളുമ്പുന്ന മുഖവുമായി മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങൾ മുതൽ സ്ത്രീകളുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങളാണ് എങ്ങും. ജീവനറ്റ രണ്ട് പെൺമക്കളെ ചേർത്തുപിടിച്ച് കരയുന്ന ഒരു ഉമ്മയുടെ കാഴ്ച ശരിക്കും കണ്ണുനനയിച്ചെന്ന് ഹാനി പറയുന്നു.
ഗസ്സയിൽ സുരക്ഷിതമായി ഇടങ്ങളൊന്നുമില്ലെന്ന വിളംബരമായിരുന്നു ചൊവ്വാഴ്ച പുലർച്ച നടത്തിയ ആക്രമണപരമ്പര. അവശ്യ മരുന്നുകളില്ലാതെ ഓരോ മിനിറ്റിലും ഒരാൾ മരണത്തിന് കീഴടങ്ങുന്ന കാഴ്ചയാണെന്ന് അൽശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബൂ സൽമിയ പറയുന്നു.
രോഗികൾക്ക് അടിയന്തരമായി നൽകേണ്ടതിനാൽ രക്തം നൽകാനാവശ്യപ്പെട്ട് ദെയ്ർ അൽബലഹിൽ ആരോഗ്യ മന്ത്രാലയം അറിയിപ്പ് എല്ലായിടത്തും എത്തിച്ചിട്ടുണ്ട്. രണ്ടാഴ്ചയായി അവശ്യ സഹായങ്ങൾ എല്ലാം മുടക്കിയ ഗസ്സയിലെ ആശുപത്രികളിൽ വൻ പ്രതിസന്ധിയാണ്. മരുന്നിനു മാത്രമല്ല, ഇന്ധനത്തിനും ക്ഷാമമുള്ളതിനാൽ പ്രവർത്തനം നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
റമദാനിലെ ദിനങ്ങളിലെങ്കിലും ഇത്തിരി മനുഷ്യത്വം പ്രതീക്ഷിച്ചവർക്കു നേരെയായിരുന്നു ക്രൂരത മാത്രം അടയാളപ്പെട്ട ആക്രമണങ്ങൾ. തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇനിയുമെത്ര പേരുണ്ടാകുമെന്ന നെടുവീർപ്പോടെയുള്ള കാത്തിരിപ്പിലാണ് ഗസ്സയിലെ കുടുംബങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.