ഗസ്സ ഇസ്രായേൽ സൈനികരുടെ ശവപ്പറമ്പാകുന്നു; എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ലെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ്
text_fieldsഗസ്സ: എളുപ്പത്തിൽ ഹമാസിനെ തകർത്ത് ബന്ദികളുമായി തിരിച്ചുവരാമെന്ന് കരുതി യുദ്ധം തുടങ്ങിയ ഇസ്രായേൽ സൈന്യം ഗസ്സയിൽ വിയർക്കുന്നു. ഗസ്സ ഇസ്രായേൽ സൈന്യത്തിന്റെ ശവപ്പറമ്പാകുമെന്ന തുടക്കം മുതലേയുള്ള ഹമാസിന്റെ മുന്നറിയിപ്പ് യാഥാർഥ്യമാകുന്ന സൂചനകളാണ് അവസാന ദിവസങ്ങളിൽ പുറത്തുവരുന്നത്.
വ്യോമാക്രമണത്തിലൂടെ സാധാരണക്കാരെ കൂട്ടക്കൊല ചെയ്തതു മാത്രമാണ് ഇസ്രായേലിന് എടുത്തുപറയാവുന്ന ‘നേട്ടം’. ഇതാകട്ടെ, അന്താരാഷ്ട്ര തലത്തിൽ അവരുടെ പ്രതിച്ഛായ തകർക്കാൻ കാരണമായി. ഗസ്സയിൽ ഇതുവരെ 121 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച അറിയിച്ചു.
2014ലെ യുദ്ധത്തിൽ 66 സൈനികരെയാണ് അവർക്ക് നഷ്ടപ്പെട്ടത്. വെടിനിർത്തലിനുശേഷം യുദ്ധം പുനരാരംഭിച്ചപ്പോഴാണ് കൂടുതൽ കനത്ത തിരിച്ചടി നേരിട്ടത്. തുരങ്ക ശൃംഖല ഒരുക്കിയും ഭൂപ്രകൃതി കൃത്യമായി പഠിച്ചും ദീർഘകാല പോരാട്ടത്തിന് ആയുധങ്ങളും സന്നാഹങ്ങളും കരുതിവെച്ചുമാണ് ഹമാസ് ഇസ്രായേലിനെതിരെ പോരിനിറങ്ങിയത്. എന്നെങ്കിലുമൊരിക്കൽ ഇസ്രായേൽ സൈന്യം തുരങ്കശൃംഖല കണ്ടെത്തുമെന്നും അതിലേക്ക് കയറുമെന്നും അറിയാവുന്ന ഹമാസ് അതനുസരിച്ചുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
അതുകൊണ്ടുതന്നെ തുരങ്കത്തിലേക്ക് കടന്നാലാണ് യഥാർഥ നാശം തുടങ്ങുകയെന്നും വിലയിരുത്തലുണ്ട്. ഹമാസിനെ തകർക്കുക, ബന്ദികളെ തിരിച്ചുകൊണ്ടുവരുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നുപോലും നേടാനും ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. തങ്ങളുടെ എത്ര പോരാളികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.
7,000 പേരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നുവെങ്കിലും അതിന് സ്ഥിരീകരണമില്ല. ഗസ്സയിൽ ഇസ്രായേലിന് ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും തുരങ്ക ശൃംഖലക്ക് മുന്നിൽ എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ലെന്നും ഇസ്രായേൽ സൈന്യത്തിലെ മുൻ മേജർ ജനറലും നേരത്തേ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന യാക്കോവ് അമിദ്രോർ പറഞ്ഞു.
ആദ്യ ദിവസം മുതൽ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഗസ്സയിലെ ദൗത്യം പൂർത്തിയാക്കാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഞങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് ഓഫിർ ഫാൾക് റോയിട്ടേഴ്സ് വാർത്ത ഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.