ഗസ്സയിൽ പാതിരാ കൂട്ടക്കൊല: മരിച്ചത് കുരുന്നുകളും സ്ത്രീകളുമടക്കം 413 പേർ, 660 ലേറെ പേർക്ക് പരിക്ക്; വീണ്ടും കരയുദ്ധം?
text_fieldsഗസ്സ സിറ്റി: ആഴ്ചകൾ നീണ്ട താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയെ വീണ്ടും ചോരയിൽ മുക്കിയ ഇസ്രായേൽ ഭീകരതക്ക് പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചന. കരസേന ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂൻ അടക്കം കിഴക്കൻ ഗസ്സയിൽനിന്ന് ആളുകളോട് ഒഴിഞുപോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പും നൽകിയതെന്നാണ് സൂചന.
അതിനിടെ, ചൊവ്വാഴ്ച പുലർച്ച ഗസ്സയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ ആശുപത്രികളിൽ ഇപ്പോഴും മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യെമനിൽ അമേരിക്ക നേരിട്ട് കനത്ത വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിന്റെ നിറപിന്തുണയോടെ ഗസ്സയിലുടനീളം ചൊവ്വാഴ്ച ഇസ്രായേൽ ബോംബറുകളെത്തിയത്. ട്രംപ് ഭരണകൂടവുമായും വൈറ്റ്ഹൗസുമായും ചർച്ച നടത്തിയശേഷമാണ് ഇസ്രായേൽ ആക്രമണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. ഇസ്രായേലിനെയും അമേരിക്കയെയും ഭീതിയിലാക്കാൻ ഉദ്ദേശിക്കുന്ന ഹമാസും ഹൂതികളുമടക്കം വിലനൽകേണ്ടിവരുമെന്നും ഗസ്സയടക്കം നരകമാക്കി മാറ്റുമെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.
ഉത്തരവാദി അമേരിക്കയെന്ന് ഹമാസ്
അതേസമയം, വെടിനിർത്തൽ അവസാനിപ്പിച്ച് ആക്രമണം തുടരുന്നത് ബന്ദികൾക്ക് ‘മരണശിക്ഷ’യായിരിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്ക ഉത്തരവാദിയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് തിരിച്ചടിച്ചതായി ഇതുവരെ റിപ്പോർട്ടുകളില്ല. ഗസ്സയിലേക്ക് ഭക്ഷണവും ഇന്ധനവുമടക്കം എല്ലാ സഹായവും രണ്ടാഴ്ച മുന്നേ ഇസ്രായേൽ മുടക്കിയത് ജനജീവിതം നരകതുല്യമാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിപ്പിച്ച് പുതിയ സൈനിക നീക്കം.
പൂർണ യുദ്ധവിരാമവും ബന്ദികളുടെ മോചനവും ഉറപ്പുനൽകുന്ന രണ്ടാം ഘട്ട വെടിനിർത്തൽ നെതന്യാഹു സർക്കാറിന്റെ നിലനിൽപ് അപകടത്തിലാക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് ബന്ദികളുടെ ജീവൻ അപകടത്തിലാക്കി ആക്രമണമെന്ന പ്രത്യേകതയുണ്ട്. വെടിനിർത്തൽ രണ്ടാം ഘട്ടം നടപ്പായാൽ നെതന്യാഹു സർക്കാറിന് പിന്തുണ പിൻവലിക്കുമെന്നും അതോടെ സർക്കാർ നിലംപതിക്കുമെന്നും തീവ്രവലതുപക്ഷ കക്ഷികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗസ്സയിലെ ആക്രമണത്തിന് തൊട്ടുപിറകെ, നെതന്യാഹുവിനെതിരായ അഴിമതിക്കേസിൽ വിചാരണ വീണ്ടും നീട്ടിയിട്ടുണ്ട്. അതേസമയം, താൽക്കാലിക വെടിനിർത്തലിനെതുടർന്ന് പിന്തുണ പിൻവലിച്ച തീവ്രവലതുപക്ഷ നേതാവ് ഇറ്റമർ ബെൻഗ്വിർ പുതിയ ആക്രമണം കണക്കിലെടുത്ത് വീണ്ടും നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ഒരു അമേരിക്കൻ- ഇസ്രായേലി ബന്ദിയെയും നാലു മൃതദേഹങ്ങളും വിട്ടുനൽകുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. ദോഹയിലും കൈറോയിലും രണ്ടാം ഘട്ട വെടിനിർത്തൽ പ്രാഥമിക ചർച്ചകളും സജീവമായിരുന്നു. ഇതിൽ താൽപര്യമില്ലാത്ത ഇസ്രായേൽ, താൽക്കാലിക വെടിനിർത്തൽ ഏപ്രിൽ പകുതിവരെ ദീർഘിപ്പിക്കാമെന്നും അതിനിടെ ബന്ദികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഹമാസ് വഴങ്ങിയിരുന്നില്ല. ഇപ്പോഴും ഹമാസ് നിയന്ത്രണത്തിലുള്ള 59 ബന്ദികളിൽ പകുതിയോളം പേർ ജീവനോടെയുണ്ടെന്നാണ് കണക്കാക്കുന്നത്. കുട്ടികളടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേലും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയിട്ടുണ്ട്. ഇതിൽ പലരും വർഷങ്ങളായി പുറംലോകം കാണാതെ തടവറയിൽ ക്രൂരപീഡനത്തിന് ഇരയാകുന്നവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.