റഫയിലും ക്രൂരത; 92 പേർ കൂടി കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഇസ്രായേൽ റഫയിലേക്കും ആക്രമണം വ്യാപിപ്പിച്ചതോടെ അവസാന അഭയകേന്ദ്രവും നഷ്ടമായി ഗസ്സ നിവാസികൾ. ഒറ്റ ദിവസം കൊല്ലപ്പെട്ടത് 92 പേരാണ്. റഫയിലെ കിന്റർ ഗാർട്ടൻ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
ഗസ്സയിലെ മറ്റു ഭാഗങ്ങളിൽ ബോംബാക്രമണം ശക്തമായപ്പോൾ നിരവധി ഫലസ്തീനികൾ അഭയം തേടിയത് റഫയിലാണ്. ഖാൻ യൂനിസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിക്ക് ആക്രമണത്തിൽ നാശമുണ്ടായി. വംശഹത്യക്കെതിരെ ജാഗ്രത പുലർത്താൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിർദേശമുണ്ടായിട്ടും വകവെക്കാതെ ക്രൂരത തുടരുകയാണ് ഇസ്രായേൽ സൈന്യം. ഗസ്സയിലെ ജനങ്ങളെ അപമാനിക്കുന്ന ചെയ്തികൾ നടത്തുന്ന സൈനികർ അവയുടെ വിഡിയോ പ്രചരിപ്പിക്കുമുണ്ട്.
വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നബ്‍ലുസ്, അറാബീഹ്, ജെനിൻ, ശുഫാത് അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഞായറാഴ്ച റെയ്ഡ് നടത്തി. ലബനാൻ അതിർത്തിയിലും ശക്തമായ പോരാട്ടം നടക്കുന്നു. ഹിസ്ബുല്ലയുടെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യവും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.
അതിനിടെ ഇസ്രായേലിനകത്ത് നെതന്യാഹുവിനെതിരെ പ്രതിഷേധം കനക്കുകയാണ്. ‘നെതന്യാഹുവിൽനിന്ന് ഇസ്രായേലിന് മോചനം വേണം’ എന്ന ബാനർ ഉയർത്തി ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.