ഗസ്സ: വെടിനിർത്തൽ കരാർ നിർദേശവുമായി ഇസ്രായേൽ; ഖത്തർ മുഖേന ഹമാസിന് കൈമാറി
text_fieldsവാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്താനും ബന്ദിമോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രായേൽ കൈമാറിയതായി ബൈഡൻ പറഞ്ഞു. ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഈ സന്ധിയിലൂടെ കഴിയുമെന്നും അദ്ദേഹം ഹമാസിനോടും ഇസ്രായേലിനോടും പറഞ്ഞു.
ഒന്നാം ഘട്ടം:
ആറാഴ്ച നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ ഇസ്രായേൽ മുന്നോട്ടുവെക്കുന്നു. ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഐ.ഡി.എഫ് പിൻവാങ്ങും. നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. പകരം സ്ത്രീകളും പ്രായമായവരും പരിക്കേറ്റവരും ഉൾപ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണം. മരിച്ച ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം.
ഗസ്സയിലുടനീളമുള്ള ഫലസ്തീൻ പൗരന്മാർക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാം.
ദിവസവും സഹായവസ്തുക്കളുമായി 600 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും. അന്താരാഷ്ട്ര സമൂഹം അയച്ച ലക്ഷക്കണക്കിന് താത്കാലിക ഭവന യൂണിറ്റുകൾ ഗസ്സയിൽ സ്ഥാപിക്കും.
ഈ ആറാഴ്ചക്കിടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ച തുടരും. വിജയിച്ചാൽ, പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കും.
രണ്ടാം ഘട്ടം:
പുരുഷ സൈനികർ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളുടേയും മോചനം
ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ പൂർണ പിൻവാങ്ങൽ
എന്നെന്നേക്കുമായി വെടിനിർത്തൽ
മൂന്നാം ഘട്ടം:
ഗസ്സയിലെ മുഴുവൻ ഇസ്രായേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ നൽകും
യു.എസിന്റെയും അന്തർദേശീയ ഏജൻസികളുടെയും സഹായത്തോടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനർനിർമിക്കുന്നതിനുള്ള ‘ഗസ്സ പുനർനിർമാണ പദ്ധതി’ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.