ഒഴിഞ്ഞുപോകാൻ ഉത്തരവ്; പിന്നാലെ ഷെല്ലാക്രമണം
text_fieldsഖാൻ യൂനിസ്: ഗസ്സയിലെ സുരക്ഷിത കേന്ദ്രങ്ങളിൽനിന്ന് അഭയാർഥികളോട് ഒഴിഞ്ഞുപോകാൻ വീണ്ടും ഉത്തരവിട്ട് ഇസ്രായേൽ സേന. ഹമാസ് പോരാളികളെ ആക്രമിക്കാനെന്ന ന്യായീകരണം പറഞ്ഞാണ് ഇസ്രായേൽ നടപടി. മുവാസിയുടെ ചില ഭാഗങ്ങളിൽനിന്ന് ഉൾപ്പെടെ തമ്പുകളിൽ തിങ്ങിപ്പാർക്കുന്ന ആയിരക്കണക്കിന് അഭയാർഥികളെയാണ് ഇറക്കിവിട്ടത്. ഈ മേഖലയിൽനിന്ന് ഇസ്രായേൽ സേനക്കെതിരെ റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഉത്തരവ്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സുരക്ഷിത കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകുന്നത്.
ഇസ്രായേൽ സേനയുടെ കര, വ്യോമാക്രമണങ്ങളെ തുടർന്ന് പലതവണ പലായനം ചെയ്യേണ്ടിവന്നവരാണ് ഇവിടെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്. ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഉടൻ തന്നെ ഇസ്രായേൽ സേന ആക്രമണം നടത്തിയതായി മുനാദിൽ അബു യൂനുസ് പറഞ്ഞു. പലരും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്നു. ഇസ്രായേൽ എല്ലാ ദിക്കിൽനിന്നും കനത്ത ഷെല്ലാക്രമണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവിനുപിന്നാലെ അധിനിവേശ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു വീട്ടിലെ നിരവധി പേർ കൊല്ലപ്പെട്ടതായി അൽ ജസീറ ലേഖകൻ ഹാനി മഹമൂദ് റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ഫലസ്തീനികൾ കിഴക്കൻ ഖാൻ യൂനിസിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇസ്രായേൽ സേന തടയുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നില്ലെന്നും ഐക്യരാഷ്ട്രസഭ ഏജൻസി അറിയിച്ചു.
സ്കൂളിൽ ഇസ്രായേൽ കൂട്ടക്കുരുതി; 30 അഭയാർഥികൾ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന സ്കൂളുകൾക്കുമേൽ വീണ്ടും അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം. ദേർ അൽ ബലാഹിലെ ഖദീജ ഗേൾസ് സ്കൂളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 അഭയാർഥികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ ആയുധ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സേനയുടെ ന്യായീകരണം. വെടിനിർത്തൽ ചർച്ചക്ക് യു.എസ്, ഈജിപ്ത്, ഖത്തർ പ്രതിനിധികൾ ഇറ്റലിയിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇസ്രായേലിന്റെ ആസൂത്രിതമായ ആക്രമണം. ഞായറാഴ്ച നടക്കുന്ന ചർച്ചയിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി, സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ, ഈജിപ്തിന്റെ ചാര സംഘടന മേധാവി അബ്ബാസ് കമൽ എന്നിവരാണ് പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.