ആരോരുമില്ലാതെ ഗസ്സ നിവാസികൾ
text_fieldsഗസ്സ സിറ്റി: ഉപരോധംകൊണ്ടുള്ള പട്ടിണിയും വാർത്താവിനിമയബന്ധം തകർന്ന് പരസ്പരം ബന്ധപ്പെടാനാകാത്തതിനാൽ ഉടലെടുത്ത അരക്ഷിതാവസ്ഥയും കാരണം ഗസ്സയുടെ സാമൂഹിക ക്രമംതന്നെ തകരുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസംഭരണകേന്ദ്രത്തിൽ ഇരച്ചുകയറിയ ജനങ്ങൾ ധാന്യങ്ങളും മറ്റും എടുത്തുകൊണ്ടുപോയത് ഈയൊരു അരക്ഷിതബോധത്തിലാണ്.
‘‘മൂന്നാഴ്ചയായി തുടരുന്ന യുദ്ധവും ഉപരോധവും ഗസ്സയുടെ സാമൂഹികക്രമം തകർക്കാൻ തുടങ്ങിയിരിക്കുന്നത് ആശങ്കജനകമാണ്. ജനങ്ങൾ ചകിതരാണ്. ഫോണടക്കമുള്ള സംവിധാനങ്ങൾ റദ്ദാക്കപ്പെടുകകൂടി ചെയ്തതോടെ തങ്ങൾക്ക് ആരുമില്ലെന്ന ഭയം അവരെ മൂടി. തങ്ങളുടെ രക്ഷക്ക് തങ്ങൾ മാത്രമേയുള്ളൂ എന്ന അവസ്ഥയിലാണവർ’’ -യു.എൻ ഫലസ്തീൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യൂ.എ) ഗസ്സ ഡയറക്ടർ തോമസ് വൈറ്റ് പറഞ്ഞു.
ഓരോ മണിക്കൂറിലും ഗസ്സയുടെ അവസ്ഥ തകരുകയാണെന്നും അന്താരാഷ്ട്രസമൂഹം ആവശ്യപ്പെട്ടിരുന്ന മനുഷ്യത്വപരമായ ഇടവേളക്ക് പകരം ആക്രമണം കൂടുതൽ ശക്തിപ്പെടുത്തിയ ഇസ്രായേൽ നടപടിയിൽ ഏറെ ദുഃഖമുണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേപ്പാളിൽ പറഞ്ഞു.
ആരോഗ്യകേന്ദ്രങ്ങളെ നശിപ്പിക്കുന്നതിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. റഫ അതിർത്തി തുറക്കാൻ ഈജിപ്ത് തയാറാകണമെന്നും ആവശ്യപ്പെട്ടു. വടക്കൻ ഗസ്സ കൽക്കൂനയായി മാറിയെന്നും ഗസ്സ ചീന്തിൽ ഒരിടത്തും സുരക്ഷിത സ്ഥലമില്ലെന്നും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറഞ്ഞു. ഇനിയും മരണം ഒഴിവാക്കാൻ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.