ഗസ്സ: രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച തുടങ്ങി, ഒന്നാംഘട്ട സമയപരിധി ഇന്നവസാനിക്കും
text_fieldsഗസ്സ: ഇസ്രായേലും ഹമാസും രണ്ടാംഘട്ട വെടിനിർത്തൽ ചർച്ച വ്യാഴാഴ്ച ആരംഭിച്ചതായി മധ്യസ്ഥ രാജ്യങ്ങളിലൊന്നായ ഈജിപ്ത് അറിയിച്ചു. ഒന്നാംഘട്ട വെടിനിർത്തൽ കരാറിന്റെ സമയപരിധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. ഇസ്രായേൽ, ഹമാസ്, ഖത്തർ, യു.എസ് പ്രതിനിധികൾ ചർച്ചക്കായി കൈറോയിലുണ്ട്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
സഹായവസ്തുക്കൾ യഥേഷ്ടം കടത്തിവിടുന്നതിന് ഇസ്രായേൽ തടസ്സം നിൽക്കുന്നതിനാൽ ഗസ്സ നിവാസികൾ ദുരിതത്തിലാണ്. റമദാനോടനുബന്ധിച്ച് മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ സൈന്യം കൂടുതൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞവർഷം 55 വയസ്സിൽ താഴെയുള്ള പുരുഷന്മാരെയും 50ൽ താഴെയുള്ള സ്ത്രീകളെയും മസ്ജിദുൽ അഖ്സയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.രണ്ടാംഘട്ട വെടിനിർത്തൽ സമയബന്ധിതമായി നടപ്പാക്കാൻ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമ്മർദമുണ്ടാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
അതേസമയം, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അതിക്രമം തുടരുകയാണ്. നൂർ ശംസ് അഭയാർഥി ക്യാമ്പിലെ വീടിന് സൈന്യം തീയിട്ടു.
വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിൽ സ്ത്രീ ഉൾപ്പെടെ ആറ് ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു. ജെനിൻ അഭയാർഥി ക്യാമ്പിൽ തുടർച്ചയായ 39ാം ദിവസം ഇസ്രായേൽ റെയ്ഡ് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.