മരണത്തിന് ഇടവേളയില്ലാതെ ഗസ്സ
text_fieldsഗസ്സ: ഇടവേളയില്ലാതെ ഗസ്സക്കുമേൽ തീതുപ്പുന്ന ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ ഗസ്സ സമ്പൂർണ തകർച്ചയിലേക്ക്. 20 ലക്ഷത്തിലേറെയുള്ള ജനങ്ങളുള്ള ഗസ്സയിൽ ഇസ്രായേൽ പ്രഖ്യാപിച്ച സമ്പൂർണ ഉപരോധം കൂടിയാകുമ്പോൾ നഗരം മരുന്നിനും ഭക്ഷണത്തിനും വരെ വഴിയില്ലാത്ത മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്ന് ആശങ്ക ഉയർന്നിരിക്കുകയാണ്. 2007 മുതൽതന്നെ ഇസ്രായേലിന്റെ കര, വ്യോമ, നാവിക ഉപരോധത്തിലാണ് ഗസ്സ. ബോംബാക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങളിൽനിന്ന് ഉയരുന്ന കറുത്ത പുകക്കിടയിലൂടെ ഗസ്സ നിവാസികൾ ഉറ്റവരെ തിരയുന്ന ദൃശ്യങ്ങൾ കരളലിയിക്കുന്നതാണ്.
പലയിടങ്ങളിലെയും പള്ളികളും പാർപ്പിട സമുച്ചയങ്ങളും തകർക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകളിൽ പലതും ഭാഗികമായി തകർന്നു. രണ്ട് അഭയാർഥി ക്യാമ്പുകൾക്കുനേരെ നടന്ന വ്യോമാക്രമണത്തിൽ മരിച്ചുവീണവർ നിരവധിയാണ്. പരിക്കേറ്റ നിരവധിപേരെ ഗസ്സയിലെ ശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗസ്സയിൽനിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബിങ്ങെന്ന് കരുതപ്പെടുന്നു. ബെയ്ത് ഹാനൂർ മേഖലയുടെ 70 ശതമാനവും തകർന്നടിഞ്ഞു. ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ശുജെയ്യക്കു നേരെയും കനത്ത ആക്രമണമാണുണ്ടായത്. ജനങ്ങൾ വീടുവിട്ട് യു.എൻ സ്കൂളുകളിലേക്കും അഭയകേന്ദ്രങ്ങളിലേക്കും നീങ്ങുകയാണ്.
നിലവിൽ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ഇവിടങ്ങളിലേക്ക് കൂടുതൽ പേരെത്തുന്നതോടെ പ്രതിസന്ധി വർധിക്കും. ഒരു മിനിറ്റുപോലും ഇടവേളയില്ലാതെയാണ് കഴിഞ്ഞ രാത്രിയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഗസ്സ നിവാസികൾ പറഞ്ഞു. ‘‘ഗസ്സയിലെ ഓരോ ഫലസ്തീനിയും ഉന്നംവെക്കപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങാൻവേണ്ടി മാത്രമാണ് പുറത്തിറങ്ങുന്നത്. അകത്തിരിക്കുന്നതുതന്നെയും സുരക്ഷിതമല്ല’’ -ഗസ്സ വാസിയായ റഫാത്ത് അൽ അരീർ പറഞ്ഞു. മറ്റൊരു ‘നഖബ’യിൽകൂടിയാണ് തങ്ങളിപ്പോൾ കടന്നുപോകുന്നതെന്ന് ഗസ്സ നിവാസികൾ പറയുന്നു. 1948ലെ അറബ്-ഇസ്രായേൽ യുദ്ധകാലത്തെ ദുരന്തങ്ങൾ അനുസ്മരിപ്പിക്കുന്നതാണ് ഗസ്സയിലെ ഇന്നത്തെ അവസ്ഥയെന്ന് അഹ്മദ് അൽ ഖാലിദിയെന്ന കുടുംബനാഥൻ അൽജസീറയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ വീട് പൂർണമായി തകർന്നു. ഗസ്സക്കു പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 16 മരണവും 80 പേർക്ക് പരിക്കും ഇവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദശകങ്ങൾക്കുശേഷം ഇസ്രായേലിനു നേരെയുള്ള ഏറ്റവും വലിയ ആക്രമണത്തിനുള്ള തിരിച്ചടിയുടെ ആരംഭം മാത്രമാണിത്. ഹമാസിനെതിരെ അതിമാരക ശക്തി ഞങ്ങൾ പ്രയോഗിക്കും- ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
‘ദ്വിരാഷ്ട്ര ഫോർമുല സംഭാഷണങ്ങൾ ആരംഭിക്കുകയാണ് സംഘർഷം അവസാനിക്കാനുള്ള ഏക പോംവഴി. ഫലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനുള്ള കാരണം പരിശോധിക്കണം - റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.