വൃദ്ധയെപ്പോലും വെറുതെ വിടാതെ ഇസ്രായേൽ; അൽഷിമേഴ്‌സ് ബാധിച്ച 82കാരിയെ ജയിലിലടച്ചു
text_fieldsഗസ്സ: അൽഷിമേഴ്‌സ് ബാധിതയായ 82 കാരിയെ ഇസ്രായേൽ സേന ഗസ്സയിൽനിന്ന് പിടികൂടി ജയിലിലടച്ചു. ഇസ്രായേൽ ഷെല്ലാക്രമണത്തെത്തുടർന്ന് വീട്ടിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഫഹ്മിയ ഖാലിദിയെയാണ് തടവിലാക്കിയത്. വീൽചെയറിലാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.
ഗസ്സയിലെ സ്കൂളിൽ അഭയാർഥിയായി കഴിയവേ ഡിസംബർ ആദ്യവാരമാണ് പിടിച്ചുകൊണ്ടുപോയതെന്ന് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധ പോരാളിയായി മുദ്രചാർത്തിയാണ് അറസ്റ്റ്. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് വൃദ്ധയുടെ തടവുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്രായേലിലെ ഡാമൺ ജയിലിൽ പാർപ്പിച്ചതായി മനസ്സിലായി. അഭിഭാഷകനുമായി കൂടിക്കാഴ്ച നിഷേധിച്ചതായും അപ്പീൽ നൽകിയതിനെ തുടർന്ന് വെറുതെവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഡാമൺ ജയിലിൽ ഇവരെ പോലെ വീൽചെയറിൽ കഴിയുന്ന നിരവധി രോഗികളെ ഇസ്രായേൽ തടവിലിട്ടിട്ടുണ്ടെന്ന് നേരത്തെ വിട്ടയക്കപ്പെട്ട തടവുകാർ വെളിപ്പെടുത്തിയിരുന്നു.
ജയിൽ മോചിതയായ ഫഹ്മിയ ഖാലിദിയെ തെക്കൻ ഗസ്സയിലെ റഫയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറവിരോഗം ബാധിച്ചതിനാൽ തടവുകാലത്തുള്ള സംഭവങ്ങളൊന്നും ഒാർത്തെടുക്കാൻ അവർക്ക് കഴിയുന്നില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.