ജീവൻ പോലും അപകടത്തിലായേക്കാവുന്ന വിധത്തിൽ ഗസ്സയിൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു -യുനിസെഫ്
text_fieldsഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ അതീവ ഗൗരകരമായ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് അറിയിക്കുന്നു. ഗസ്സയിലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.
ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക നിലനിൽക്കുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
മാനുഷികമായ വെടിനിർത്തൽ ഉടൻ ഗസ്സയിൽ നടപ്പിലാക്കണം. ദീർഘമായ വെടിനിർത്തലാണ് വേണ്ടത്. ഈ സമയത്ത് ഗസ്സ മുനമ്പിലെ തകർന്നുപോയ അടിയന്തരസേവനങ്ങൾ പുനഃസ്ഥാപിക്കണം. ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഗസ്സയിൽ പുനഃസ്ഥാപിക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.
ഗസ്സയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം സഹായം നൽകാൻ മാത്രം അനുവദിച്ച് യു.എൻ രക്ഷാസമിതിയിൽ പാസായിരുന്നു. അമേരിക്കയും റഷ്യയും വിട്ടുനിന്നപ്പോൾ മറ്റ് അംഗരാജ്യങ്ങൾ അനുകൂലമായി വോട്ടുചെയ്തു. ഇസ്രായേൽ സൈനിക കാർമികത്വത്തിൽ വംശഹത്യയും മഹാനാശവും തുടരുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അവതരിപ്പിക്കാനിരുന്ന പ്രമേയം അമേരിക്കൻ എതിർപ്പിനെതുടർന്ന് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.
ശത്രുത പൂർണമായി അവസാനിപ്പിക്കണമെന്നും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് യു.എൻ കാർമികത്വത്തിലാകണമെന്നുൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഈ രണ്ട് ആവശ്യങ്ങളും ഒരു നിലക്കും അംഗീകരിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ വീണ്ടും വീറ്റോ ചെയ്യപ്പെടുമെന്നായി.
ഹമാസിനെ തുടച്ചുനീക്കുംവരെ ആക്രമണം തുടരാൻ ഇസ്രായേലിനെ സഹായിക്കുമെന്നാണ് യു.എസ് നിലപാട്. ഗസ്സയിലേക്കുള്ള സഹായം നിലവിൽ ഇസ്രായേൽ നിയന്ത്രിക്കുന്നത് മാറ്റി യു.എന്നിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ്ഹൗസ് പറയുന്നു. ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാണ് രക്ഷാസമിതിയിൽ പ്രമേയം പാസായത്.
യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ ‘ഇസ്രായേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം’ എന്ന വാചകം യു.എസ് സമ്മർദത്തെതുടർന്ന് ഒഴിവാക്കി ‘സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികൾക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക’ എന്നാക്കി മാറ്റിയിരുന്നു. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തേ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇത്തവണ വീറ്റോ ഒഴിവാക്കാനാണ് മയപ്പെടുത്തൽ ശ്രമങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.