ഗസ്സയിലെ രണ്ടാമത്തെ വലിയ ആശുപത്രി പ്രവർത്തനം നിർത്തി; രക്ഷാസമിതിയിലെ പ്രമേയം യു.എസ് വീറ്റോ ചെയ്തേക്കും
text_fieldsഗസ്സ: ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ ഖാൻ യൂനുസിലെ നാസർ ആശുപത്രി ഇസ്രായേൽ ഉപരോധത്തെ തുടർന്ന് പ്രവർത്തനം നിർത്തി. 200ലേറെ രോഗികൾ ആശുപത്രിക്കകത്ത് ഉണ്ടെങ്കിലും ചികിത്സ നൽകാനാകുന്നില്ല. കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം തീവ്രപരിചരണ വിഭാഗത്തിലുള്ളവരെയടക്കം ഒഴിപ്പിക്കുകയും വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഓക്സിജൻ ഇല്ലാതെ ആറ് രോഗികൾ മരിക്കാനും കാരണമായി. 20ലേറെപേരെ ആശുപത്രിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഖാൻ യൂനുസിലെ അൽഅമൽ ആശുപത്രിക്കുനേരെയും ഇസ്രായേൽ ഷെല്ലാക്രമണം നടത്തിയതായി ഫലസ്തീൻ റെഡ് ക്രെഡന്റ് സൊസൈറ്റി അറിയിച്ചു.
അതിനിടെ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ലെന്നും സാധ്യതകൾ കുറഞ്ഞുവരുകയാണെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അൽജീരിയ കൊണ്ടു വരുന്ന പ്രമേയം ചൊവ്വാഴ്ച വോട്ടിനിടും.
വീറ്റോ ചെയ്യുമെന്ന് യു.എന്നിലെ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് സൂചിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 ഫലസ്തീനികൾ ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 28,985 ആയി. 68,883 പേർക്ക് പരിക്കേറ്റു.
ഇസ്രായേൽ പട്ടിണി ആയുധമാക്കുന്നുവെന്ന് യു.എൻ
ഗസ്സ: ഇസ്രായേൽ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഐക്യരാഷ്ട്ര സഭ. ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾ ഇസ്രായേൽ തടയുന്നു. സൈന്യത്തിന്റെ ഇടപെടലിനു പുറമെ ട്രക്കുകൾ ഗസ്സയിൽ എത്തുന്നത് തടയാൻ വഴിയിൽ പ്രതിഷേധവുമായി ഇസ്രായേലികളുമുണ്ട്.
ജീവൻ നിലനിർത്താനായി ചെടികളുടെ ഇല ഭക്ഷിക്കേണ്ട ദുരിതത്തിലാണ് ഫലസ്തീനികൾ. കടകളിൽ പച്ചക്കറികളോ ബ്രഡോ മറ്റ് അവശ്യവസ്തുക്കളോ ലഭ്യമല്ല. ശുദ്ധജല ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
ബോംബാക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനും സൗകര്യങ്ങളില്ല. മരുന്നും ഇന്ധനവുമില്ലാതെ ഭൂരിഭാഗം ആശുപത്രികളും പ്രവർത്തനം നിർത്തി. ബാക്കിയുള്ളതിൽ വേദനസംഹാരി പോലും ലഭ്യമാകാതെ വെറും നിലത്താണ് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.