ഇടപാട് റൂബിളിൽ വേണം; പോളണ്ടിനും ബൾഗേറിയക്കും ഗ്യാസ് നൽകുന്നത് റഷ്യ നിർത്തിവെച്ചു
text_fieldsലിവിവ്: തങ്ങളുടെ കറൻസിയായ റൂബിളിൽ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പോളണ്ട്, ബൾഗേറിയ എന്നീ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിവെച്ചു.
റഷ്യൻ ഊർജവിതരണ ഭീമനായ ഗ്യാസ് പ്രോമാണ് ബുധനാഴ്ച മുതൽ വിതരണം നിർത്തിയത്. ഇതോടെ യൂറോപ്പിൽ ഗ്യാസ്‍ വില 24 ശതമാനം കുതിച്ചുയർന്നു. പ്രകൃതിവാതകത്തെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി റഷ്യ മാറ്റിയതായി യൂറോപ്യൻ യൂനിയൻ (ഇ.യു) അധ്യക്ഷ ഉർസുല വോൺ ഡെർ ലിയെൻ ആരോപിച്ചു. പ്രതിസന്ധി ചർച്ചചെയ്യാൻ ഇ.യു അടിയന്തര യോഗം ചേർന്നു.
തങ്ങളുമായുള്ള കരാർ ഗ്യാസ് പ്രോം ലംഘിച്ചതായി ബൾഗേറിയ കുറ്റപ്പെടുത്തി. അതേസമയം, പ്രതിസന്ധി നേരിടാൻ കഴിയുമെന്ന് പോളണ്ട് അറിയിച്ചു. യുക്രെയ്നുമായി നീണ്ട അതിർത്തി പങ്കിടുന്ന പോളണ്ട്, യുദ്ധം തുടങ്ങിയതിനുശേഷം യുക്രെയ്ന് സൈനിക-സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിനു പുറമെ ഗ്യാസ് പ്രോം ഉൾപ്പെടെ 50 റഷ്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്തു.
ഒരു കാലത്ത് റഷ്യയുടെ ഉറ്റസുഹൃത്തായിരുന്ന ബൾഗേറിയ, യുക്രെയ്നിലെ യുദ്ധത്തെ അപലപിക്കുകയും യൂറോപ്യൻ യൂനിയനിൽ റഷ്യൻ ഉപരോധത്തിന് അനുകൂലമായി വോട്ടും ചെയ്തിരുന്നു. യുക്രെയ്ന് ആയുധം നൽകാൻ വിസമ്മതിച്ച ബൾഗേറിയ പക്ഷേ, ജീവകാരുണ്യസഹായം നൽകിയിരുന്നു. ഇതാകാം ഇരു രാജ്യങ്ങൾക്കുമെതിരെ തിരിയാൻ റഷ്യയെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലുണ്ട്.
287 യു.കെ എം.പിമാർക്ക് റഷ്യ ഉപരോധം
കിയവ്: ഭരണ-പ്രതിപക്ഷ ഭേദമന്യേ 287 ബ്രിട്ടീഷ് പാർലമെന്റംഗങ്ങൾക്ക് റഷ്യ ഉപരോധമേർപ്പെടുത്തി. റഷ്യൻ പാർലമെന്റിന്റെ അധോസഭയിലെ 368 അംഗങ്ങൾക്ക് യു.കെ ഉപരോധമേർപ്പെടുത്തിയതിനുള്ള പ്രതികരണമെന്ന നിലയിലാണ് റഷ്യൻ നടപടി. ഇവർ റഷ്യയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
അതിനിടെ, ഒരു റഷ്യൻ പൗരനെയും മറ്റൊരു ബെലറൂസ് പൗരനെയും ചാരവൃത്തി ആരോപിച്ച് പോളണ്ട് അറസ്റ്റ് ചെയ്തു. ബെലറൂസ് അതിർത്തിയിലെ പോളണ്ട് സൈനിക വിന്യാസമടക്കമുള്ള നിർണായക വിവരങ്ങൾ ഇരുവരും ചോർത്തിയതായി പോളണ്ട് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.