ജോർജിയ തെരഞ്ഞെടുപ്പിലും ട്രംപിന് തിരിച്ചടി; യു.എസ് സെനറ്റിലും ഇനി ബൈഡൻ വാഴ്ച
text_fields
വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജനം വോട്ടുമാറിക്കുത്തിയതിെൻറ ക്ഷീണം ജോർജിയയിലെ സെനറ്റ് രണ്ടാംഘട്ട വോട്ടെടുപ്പിൽ തീർക്കാമെന്ന ഡോണൾഡ് ട്രംപിെൻറ മോഹങ്ങളും പാളി. രണ്ട് സെനറ്റ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിച്ച ഡെമോക്രാറ്റുകൾ രണ്ടാം സീറ്റിലും മുന്നേറുകയാണ്.
മത്സര ഗോദയിലുണ്ടായിരുന്ന രണ്ടു റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാൾ പരാജയം രുചിച്ചപ്പോൾ രണ്ടാമൻ തോൽവിയുടെ വക്കിലും. റാഫേൽ വാർനോകാണ് വിജയിച്ച ഡെമോക്രാറ്റ് പ്രതിനിധി. ജോർജിയയിൽനിന്ന് സെനറ്റ് കാണുന്ന ആദ്യ കറുത്ത വംശജനാണ് വാർനോക്- അമേരിക്കൻ ചരിത്രത്തിൽ 11ാമനും. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ 50.6 ശതമാനം വോട്ടായിരുന്നു ഡെമോക്രാറ്റ് പ്രതിനിധിയുടെ സമ്പാദ്യം. റിപ്പബ്ലിക്കൻ എതിരാളി കെല്ലി ലീഫ്ളർ 49.4 ശതമാനം വോട്ടിലൊതുങ്ങി.
രണ്ടാം സീറ്റിൽ ഡെമോക്രാറ്റ് പ്രതിനിധിയായ ജോൺ ഓസോഫ് 50.2 ശതമാനം വോട്ടുനേടി വിജയിക്കുമെന്നാണ് സൂചന. രണ്ടു സീറ്റും ഡെമോക്രാറ്റുകൾ കൈക്കലാക്കിയാൽ സെനറ്റിലും ട്രംപിന് മേൽക്കൈ നഷ്ടമാകും. ഇത് ഭയന്ന്, വോട്ടെടുപ്പിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി വോട്ടുകൾ സ്വരൂപിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങൾ പുറത്തായിരുന്നു. നേരത്തെ 52 സീറ്റുകൾ സെനറ്റിൽ സ്വന്തമായുള്ള റിപ്പബ്ലിക്കൻമാർക്ക് രണ്ട് സീറ്റ് നഷ്ടത്തോടെ 50 ആയി അംഗങ്ങൾ ചുരുങ്ങും. അത്രയും സെനറ്റർമാർ തന്നെയാകും ഡെമോക്രാറ്റുകൾക്കുമെങ്കിലും വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ കാസ്റ്റിങ് വോട്ട് കാര്യങ്ങൾ എളുപ്പമാക്കും.
കറുത്ത വർഗക്കാർക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനമായ ജോർജിയ നേരത്തെ ട്രംപിന് വോട്ടുനൽകിയതാണ് ചരിത്രമെങ്കിലും ഇത്തവണ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻമാരെ കൈവിട്ടിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം നവംബറിൽ നടന്നപ്പോൾ ആർക്കും 50 ശതമാനം സീറ്റ് നേടാനാകാതെ വന്നതാണ് വില്ലനായത്.
കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ് പദം ഉറപ്പിച്ചിട്ടുണ്ട്. ട്രംപിന് 232 വോട്ടാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.