പ്രഡിഡൻറ് പദം കൈവിട്ട ട്രംപിന് സെനറ്റിൽ മേൽക്കൈ കിട്ടുമോ? ജോർജിയയിൽ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ടുചെയ്യാൻ അമേരിക്ക
text_fields
കള്ള പ്രചാരണങ്ങൾ ആവോളം പൊലിപ്പിച്ചിട്ടും പ്രസിഡൻറ് പദവി ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡന് അടിയറവ് പറയേണ്ടിവന്ന ഡോണൾഡ് ട്രംപിന് മുന്നിലെ കച്ചിത്തുരുമ്പായ യു.എസ് സെനറ്റിലെ മേൽക്കൈ നിലനിർത്താൻ അവസാന പോരാട്ടം ഇന്ന്. ജോർജിയ സംസ്ഥാനത്തെ സെനറ്റ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്. ജനം പോളിങ് ബൂത്തുകളിലേക്ക് നീങ്ങാനിരിക്കെ റിപ്പബ്ലിക്കൻ, ഡേമോക്രാറ്റ് നേതാക്കളായ ട്രംപും ബൈഡനും വോട്ടർമാരെ സ്വാധീനിക്കാൻ അവസാനദിനവും നടത്തിയ തിരക്കിട്ട ശ്രമങ്ങൾ എത്രകണ്ട് വിജയം കാണുമെന്ന് വൈകാതെ അറിയാം. അവസാന ലാപ്പിൽ ജയമുറപ്പിക്കാൻ ട്രംപ് നടത്തിയ നിയമവിരുദ്ധ ഇടപെടലുകൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു.
അരക്കോടിയിലേറെ വോട്ടർമാരുള്ള സംസ്ഥാനത്ത് 30 ലക്ഷം പേർ ഇതിനകം വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്. അവശേഷിച്ചവർക്കാണ് ഇനി വോട്ടവകാശം.
ജോർജിയയിലെ സെനറ്റ് വോട്ടും പിടിച്ചാൽ അമേരിക്കൻ കോൺഗ്രസിലും വൈറ്റ്ഹൗസിലും ഡെമോക്രാറ്റുകളുടെ ആധിപത്യം സമ്പൂർണമാകും. സംസ്ഥാനത്ത് രണ്ട് സെനറ്റ് അംഗങ്ങൾ റിപ്പബ്ലിക്കൻമാരാണ്- കെല്ലി ലോഫ്ളറും ഡേവിഡ് പെർഡ്യൂവും. ഇവർക്കെതിരെ ഡെമോക്രാറ്റ് സ്ഥാനാർഥികളായി രംഗത്തുള്ള ജോൺ ഓസോഫും റവ. റാഫേൽ വാർനോക്കുമാണ്.
സെനറ്റിൽ മേൽക്കൈ നഷ്ടപ്പെടുന്നത് പ്രസിഡൻറാകാനിരിക്കുന്ന ബൈഡന് കനത്ത തിരിച്ചടിയാകും. സെനറ്റ് വേണ്ടെന്നുവെച്ചാൽ മന്ത്രിസഭയിലേക്കും ജുഡീഷ്യറിയിലേക്കും മറ്റും ബൈഡെൻറ നോമിനികൾക്ക് ജയം ഉറപ്പിക്കാനാകില്ല. 100 അംഗ സെനറ്റിൽ നിലവിൽ 52 അംഗങ്ങൾ റിപ്പബ്ലിക്കൻമാരും 48 പേർ ഡെമോക്രാറ്റുകളുമാണ്. രണ്ടു ഡെമോക്രാറ്റ് സ്ഥാനാർഥികളും ജയിച്ചാൽ ഇരു കക്ഷികൾക്കും തുല്യ പ്രാതിനിധ്യമാകും. അങ്ങനെ വന്നാൽ വൈസ് പ്രസിഡൻറായേക്കാവുന്ന കമല ഹാരിസിെൻറ കാസ്റ്റിങ് വോട്ട് കാര്യങ്ങൾ നിർണയിക്കും.
പ്രസിഡൻറ് പദവി ഉറപ്പാക്കുന്ന ഇലക്ടറൽ കോളജ് അംഗങ്ങളിൽ നിലവിൽ 306 പേർ ബൈഡനെയും 232 പേർ ട്രംപിനെയും പിന്തുണക്കുന്നവരാണ്. 70 ലക്ഷം വോട്ടാണ് മൊത്തമായി ബൈഡൻ അധികം നേടിയത്.
എല്ലാം ഡെമോക്രാറ്റുകൾ കൊതിക്കുംപോലെ സംഭവിച്ചാൽ ബറാക് ഒബാമ വാണ 2008നു ശേഷം ആദ്യമായാകും പ്രതിനിധി സഭയും സെനറ്റും വൈറ്റ്ഹൗസും ഒന്നിച്ച് ഡെമോക്രാറ്റ് നിയന്ത്രണത്തിലാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.