ഇസ്രായേലിന് സഹായം: ജർമനിയെ തടയണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി
text_fieldsഹേഗ്: ഇസ്രായേലിനുള്ള സൈനിക സഹായവും മറ്റ് സഹായങ്ങളും നിർത്തിവെക്കാൻ ജർമനിയോട് ഉത്തരവിടണമെന്ന നികരാഗ്വയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഇസ്രായേലിന് ആയുധങ്ങളും പിന്തുണയും നൽകി ജർമനി വംശഹത്യയെ സഹായിക്കുകയാണെന്ന് നികരാഗ്വ ചൂണ്ടിക്കാട്ടി.
ഗസ്സയിലെ യു.എൻ സഹായ ഏജൻസിക്ക് ധനസഹായം പുതുക്കാനും ജർമനിയോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നിയമ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അതേസമയം ഗസ്സയിലെ അവസ്ഥകളിൽ അതീവ ഉത്ക്കണ്ഠയുണ്ടെന്ന് കോടതി പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു
ഗസ്സ: മധ്യ ഗസ്സയിലെ അൽ സഹ്റയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നുസൈറാത്ത് ക്യാമ്പിന് നേരെ സൈന്യം വെടിയുതിർത്തു. ഗസ്സയിൽ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) 182 ജീവനക്കാർ കൊല്ലപ്പെട്ടതായി മേധാവി ഫിലിപ് ലസാരിനി പറഞ്ഞു. ഏജൻസിയുടെ 160 കെട്ടിടങ്ങളും തകർന്നു. ഇവിടെ അഭയം പ്രാപിച്ച 400 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,535 ആയി. 77,704 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ നടപടികളിൽ കിഴക്കൻ ജറൂസലം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ 469 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 4,974 പേർക്ക് പരിക്കേറ്റു. അതേസമയം അമേരിക്കൻ നിർമിത വ്യോമ പ്രതിരോധ സംവിധാനം പാട്രിയോട്ടിന്റെ ഉപയോഗം ഇസ്രായേൽ സൈന്യം അവസാനിപ്പിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. പകരം രണ്ടുമാസത്തിനകം നൂതന സംവിധാനം ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.