പ്രക്ഷോഭകരെ ജയിലിൽ പീഡിപ്പിച്ചു; സിറിയൻ മുൻ കേണലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജർമൻ കോടതി
text_fieldsബർലിൻ: 2012ൽ ഡമസ്കസിലെ അൽ ഖത്തീബ് ജയിലിലെ ക്രൂരപീഡനങ്ങളിലൂടെ മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയ സിറിയൻ മുൻ കേണൽ അൻവർ റസ്‍ലനെ(58) ജീവപര്യന്തം തടവിനു ശിക്ഷിച്ച് ജർമൻ കോടതി. ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി സിറിയൻ പൗരന്മാരെയാണ് റസ്ലന്റെ നേതൃത്വത്തിൽ ജയിലിൽ കിരാത പീഡനങ്ങൾക്കിരയാക്കിയത്.
കൊലപാതകം, മർദനം, ബലാത്സംഗം, ലൈംഗികപീഡനം, സ്വാതന്ത്ര്യം അടിച്ചമർത്തൽ എന്നീ കുറ്റകൃത്യങ്ങളിലാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചതെന്ന് ജർമനിയിലെ കോബ്ലൻസ് കോടതി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സിറിയയിൽ സർക്കാർസൈന്യം നടത്തിയ മർദനങ്ങളിൽ പ്രതിചേർക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്ന ആദ്യകേസാണിത്.
2011 ഏപ്രിലിനും 2021 സെപ്റ്റംബറിനുമിടെ 4000ത്തിലേറെ ആളുകളെ അൽ ഖത്തീബ് ജയിലിൽ ക്രൂരപീഡനങ്ങൾക്കിരയാക്കിയതിന് മേൽനോട്ടം വഹിച്ചത് റസ്‍ലൻ ആണെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കൊടിയ മർദനമുറകളെ തുടർന്ന് 58പേർ ജയിലിൽ മരിക്കുകയും ചെയ്തു. സിറിയൻ പ്രസിഡന്‍റ് ബശ്ശാറുൽ അസദിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതിന്റെ പേരിലായിരുന്നു മർദനം.
18 വർഷം റസ്‍ലൻ സിറിയൻ രഹസ്യാന്വേഷണ സംഘടനയിൽ പ്രവർത്തിച്ചു. ജയിലുകളിലെ പീഡനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ സൈന്യത്തിൽനിന്നു പുറത്താക്കി. തുടർന്ന് 2014ൽ ജർമനിയിൽ അഭയം തേടി. 2019ൽ അറസ്റ്റിലായി. ഒരാളെ പോലും വ്യക്തിപരമായി പീഡിപ്പിച്ചിട്ടില്ലെന്നു വാദിച്ച അഭിഭാഷകൻ റസ്‍ലനെ മോചിപ്പിക്കണമെന്ന് കോടതിയിൽ അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.