തങ്ങളുടെ പൊലീസ് പെഗസസ് വാങ്ങിയെന്ന് വെളിപ്പെടുത്തി ജർമൻ സർക്കാർ
text_fieldsബെർലിൻ: തങ്ങളുടെ പൊലീസ് ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ജർമൻ സർക്കാർ. 2019ൽ ജർമൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫിസ് (ബി.കെ.എ) പെഗസസ് വാങ്ങിയെന്ന് വിവരം ചൊവ്വാഴ്ച പുറത്താകുകയായിരുന്നു. നേരത്തേ ജർമൻ പത്രമായ ഡൈ സേയ്ത് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
പെഗസസിനെ എങ്ങനെയാണ് ബി.കെ.എ ഉപയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. ബി.കെ.എ വൈസ് പ്രസിഡന്‍റ് മാർട്ടീന ലിങ്ക് പെഗസസ് വാങ്ങിയെന്ന വിവരം സ്ഥിരീകരിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2020ഓടെ പെഗസസ് ട്രോജൻ സോഫ്റ്റ്വെയറിന്റെ ഒരു പതിപ്പ് ബി.കെ.എ സ്വന്തമാക്കി. തീവ്രാവാദ പ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും നിരീക്ഷിക്കുന്നതിന് ഇവ ഉപയോഗിച്ചതായും പറയുന്നു.
ലോകത്തിലെ വിവിധ സർക്കാറുകൾ പൗരന്മാരെ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ മൂന്നൂറിലധികം പേരുടെ ഫോണുകൾ ചോർത്തിയതായാണ് പുറത്തുവന്ന വിവരം. രാഷ്ട്രീയക്കാർ, കേന്ദ്ര മന്ത്രിമാർ, മധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായാണ് റിപ്പോർട്ടുകൾ. കേന്ദ്രഏജൻസികൾക്ക് മാത്രമാണ് പെഗസസ് ലഭ്യമാകുക. എന്നാൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.