ആക്രമണ ഭീഷണി; ജർമനിയിലെ നാറ്റോ വ്യോമതാവളത്തിൽ സുരക്ഷ ശക്തമാക്കി
text_fieldsബെർലിൻ: ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷ വിവരത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമ ജർമനിയിലുള്ള നാറ്റോയുടെ വ്യോമ പ്രതിരോധ ദീർഘദൂര റഡാർ നിരീക്ഷണ, നിയന്ത്രണ കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കി. അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും കേന്ദ്രത്തിൽനിന്ന് മാറ്റിയതായി നാറ്റോ ‘എക്സി’ൽ അറിയിച്ചു.
നെതർലൻഡ്സിന്റെ അതിർത്തിക്കടുത്തുള്ള ഗെയ്ലെൻകിർചെൻ വ്യോമതാവളത്തിനാണ് സുരക്ഷ ശക്തമാക്കിയത്. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ നാറ്റോ, ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ഗെയ്ലെൻകിർചെൻ വ്യോമതാവളത്തിന് സമീപത്ത് സംശയാസ്പദമായി കണ്ട വ്യക്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെ റഷ്യൻ സേന ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നടപടി സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച, ജലവിതരണം തകർക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ കൊളോണിന് സമീപത്തെ പ്രധാന ജർമൻ വ്യോമസേന താവളം മണിക്കൂറുകളോളം പൂട്ടിയിരുന്നു. സംഭവത്തിൽ അട്ടിമറി നടന്നതിനുള്ള തെളിവുകളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല.
അതേസമയം, അട്ടിമറി ലക്ഷ്യത്തോടെ റഷ്യയുടെ ഓർലൻ-10 ഡ്രോണുകൾ വടക്കൻ ജർമനിയിലെ ആണവ കേന്ദ്രത്തിന് മുകളിൽ നിരവധി തവണ പറന്നെന്ന സംശയത്തിൽ അന്വേഷണം നടത്തുകയാണെന്ന് അധികൃതർ വ്യാഴാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.