'നമീബിയ, മനുഷ്യക്കുരുതിക്ക് മാപ്പ്'; വംശഹത്യയിൽ കുറ്റസമ്മതം നടത്തി ജർമനി
text_fieldsബർലിൻ: അധിനിവേശത്തിെൻറയും കോളനിവത്കരണത്തിെൻറയും കാലത്ത് നമീബിയയിൽ കൂട്ട വംശഹത്യകൾ നടത്തിയതായി ഒൗദ്യോഗികമായി സമ്മതിച്ച് ജർമനി. വിദേശകാര്യ മന്ത്രി ഹൈകോ മാസ് ആണ് വെള്ളിയാഴ്ച ജർമനി, നമീബിയയിൽ വംശഹത്യകൾ നടത്തിയിട്ടുള്ളതായി അംഗീകരിച്ചത്. ഇതോടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ നിലനിന്ന ഏറെക്കാലത്തെ തർക്കത്തിനാണ് പരിസമാപ്തിയാകുന്നത്.
ജർമനിയുടെ ചരിത്രപരവും ധാർമികവുമായ ഉത്തരവാദിത്തത്തിെൻറ വെളിച്ചത്തിൽ, നമീബിയയോടും ഇരകളുടെ പിൻഗാമികളോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു -ഹൈകോ മാസ് പറഞ്ഞു.
20ാം നൂറ്റാണ്ടിെൻറ തുടക്കത്തിലെ ജർമൻ അധിനിവേശത്തിൽ പതിനായിരങ്ങളാണ് വംശഹത്യക്ക് ഇരയായത്. മാപ്പ് ചോദിച്ചതിനൊപ്പം 1.34 ബില്യൺ ഡോളർ നമീബിയക്ക് സാമ്പത്തിക സഹായം നൽകുമെന്നും രാജ്യത്തിെൻറ അടിസ്ഥാന സൗകര്യം, ആരോഗ്യ സംരക്ഷണം, പരിശീലന പരിപാടികൾ എന്നിവക്കായി ഈ തുക വിനിയോഗിക്കുമെന്നും മാസ് പറഞ്ഞു. ജർമനിയുടെ തിരിച്ചറിവ് യഥാർഥ പാതയിലേക്കുള്ള നല്ല തുടക്കമാണെന്ന് നമീബിയൻ വക്താവ് പ്രതികരിച്ചു.
അതേസമയം, രാജ്യത്തെ മുതിർന്ന നേതാക്കൾ ജർമനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തങ്ങളുടെ പൂർവികരുടെ രക്തത്തിന് ജർമനി പ്രഖ്യാപിച്ച സഹായധനം പകരമാവില്ലെന്ന് അവർ പ്രതികരിച്ചു. അടുത്ത മാസം നമീബിയൻ തലസ്ഥാനമായ വിൻഡ്ഹോക്കിൽ വെച്ച് ജർമൻ വിദേശകാര്യ മന്ത്രി ഔദ്യോഗിക പ്രഖ്യാപനത്തിൽ ഒപ്പിടും.
പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമെർ വൈകാതെ ഔദ്യോഗികമായി മാപ്പ് പറയുന്നതിനായി നമീബിയ സന്ദർശിക്കുമെന്നും ജർമൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെ്തു. 1884 മുതൽ 1915 വരെയായിരുന്നു ജർമൻ അധിനിവേശകാലം. വിസ്മൃതിയിലായ വംശഹത്യയെന്നാണ് ചരിത്രകാരന്മാർപോലും ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.