ബ്രിട്ടണിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി നീട്ടി
text_fieldsബെർലിൻ: പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി നീട്ടി. നിയന്ത്രണങ്ങൾ നീക്കണമെന്ന യൂറോപ്യൻ യൂണിയന്‍റെ നിർദേശം മറികടന്നാണ് ജനുവരി ആറു വരെ ജർമനി യാത്രാ വിലക്ക് നീട്ടിയത്.
ബ്രിട്ടനിൽ നിന്ന് ജർമനിയിലേക്കുള്ള യാത്രക്കാർക്ക് ഡിസംബർ 22 മുതൽ ജനുവരി 6 വരെ യാത്ര നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, അതിർത്തി വഴി രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ജർമൻ പൗരന്മാർക്ക് അനുമതി നിരസിക്കില്ലെന്ന് പുതുക്കിയ ട്രാവൽ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
2021 ജനുവരി 1 മുതൽ ജർമനിയിൽ താമസവും താമസിക്കാൻ അവകാശവുമുള്ള ആളുകൾക്ക് വീണ്ടും യാത്ര നടത്താം. വിമാനങ്ങൾക്ക് ഫെഡറൽ സർക്കാർ അംഗീകാരം നൽകണമെന്നും ട്രാവൽ അഡ്വൈസറി ശിപാർശ ചെയ്യുന്നു.
ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രകളെ നിരുത്സാഹപ്പെടുത്തണമെന്ന് യൂറോപ്യൻ കമീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് പരീക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് വിധേയരായവർക്ക് വീടുകളിൽ ക്വാറന്‍റീനിൽ കഴിയാൻ അനുവദിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നെതർലാൻഡ്‌സ്, ബെൽജിയം, കാനഡ എന്നീ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചിരുന്നു. ഫ്രാൻസും ഇറ്റലിയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
യു.കെയിൽ പുതുതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളിലാണ് പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ലണ്ടനിലും തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലും വൈറസ് അതിവേഗം വ്യാപിച്ചിട്ടുണ്ട്.
ജനിതക വ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോൾ കോവിഡിന് കാരണമായ വൈറസിനെക്കാൾ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.