സ്രെബ്രനിക്ക വംശഹത്യ നിഷേധിച്ചതിന്‍റെ പേരിൽ ഇസ്രായേലി ചരിത്രകാരന് നൽകാനിരുന്ന പുരസ്കാരം ജർമ്മനി പിന്‍വലിച്ചു
text_fieldsബെർലിന്‍ : സ്രെബ്രനിക്ക വംശഹത്യ നിഷേധിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ പേരിൽ വ്യാപകമായി വിമർശനങ്ങൾ നേരിട്ട ഇസ്രായേലി ചരിത്രകാരന്‍ ഗിഡിയൻ ഗ്രെയ്ഫിന് നൽകാനിരുന്ന പുരസ്കാരം ജർമ്മന്‍ ഭരണകൂടം പിന്‍വലിച്ചു. ഓഷ്‌വിറ്റ്‌സ്-ബിർകെനൗ ക്യാമ്പുകളിൽ ജൂതർ കൂട്ടക്കൊലക്കിരയായത് സംബന്ധിക്കുന്ന ഹോളോകോസ്റ്റ് ഗവേഷണത്തിനാണ് നേരത്തെ ഗ്രെയ്ഫിന് രാജ്യത്തിന്‍റെ ഓർഡർ ഓഫ് മെറിറ്റ് പുരസ്കാരം നൽകാന്‍ ജർമ്മന്‍ ഭരണകൂടം തീരുമാനിച്ചത്.
എന്നാൽ അന്താരാഷ്ട്ര കോടതികളുടെ വിധിന്യായങ്ങൾക്ക് വിരുദ്ധമായി 1995 ജൂലൈയിൽ സ്രെബ്രെനിക്ക, ബോസ്നിയ, ഹെർസഗോവിന എന്നിവിടങ്ങളിൽ നടന്നത് വംശഹത്യ ആയിരുന്നില്ലെന്ന് വാദിച്ചുകൊണ്ട് ഗ്രെയ്ഫ് തലവനായി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പിന്‍വലിക്കുന്നതെന്ന് ജർമ്മനി അറിയിച്ചു.
1995 ജൂലൈയില്‍ സെര്‍ബ് വംശീയവാദികള്‍ 8372 ബോസ്‌നിയന്‍ മുസ്ലിംങ്ങളെ കൊന്നുതള്ളിയ സംഭവത്തെയാണ് സ്രെബ്രനിക്ക വംശഹത്യ എന്നു പറയുന്നത്. ബോസ്‌നിയന്‍- സെര്‍ബ് സൈന്യത്തിന്‍റെ തലവനായിരുന്ന ജനറല്‍ റാത്‌കോ മ്ലാഡിച്ചിന്‍റെ നേതൃത്വത്തിലാണ് ബോസ്‌നിയന്‍ വംശഹത്യക്കുള്ള ആസൂത്രണങ്ങള്‍ നടന്നത്. കൊലപ്പെടുത്തിയും അപമാനിച്ചും ബലാത്സംഗം ചെയ്തും തുടര്‍ച്ചയായി ശാരീരിക പീഡനമേല്‍പിച്ചും ബോസ്‌നിയന്‍ മുസ്ലിംങ്ങളെ ഇവർ ഉപദ്രവിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ഉസ്മാനീസാമ്രാജ്യം ബോസ്‌നിയ കീഴടക്കിയ സമയത്ത് ഇസ്‌ലാംമതം സ്വീകരിച്ച തദ്ദേശവാസികളുടെ ചരിത്രപാരമ്പര്യം ചൂണ്ടിക്കാട്ടി ക്രിസ്തുമതത്തെ വഞ്ചിച്ച ചതിയന്മാരാണ് ബോസ്‌നിയന്‍ മുസ്‌ലിംകളെന്നും ഇവർ ആരോപിച്ചു.
നാസികളുടെ കോൺസെൻട്രേഷൻ ക്യാമ്പിന് സമാനമായ ഇരുട്ടറകളിലാണ് ബോസ്നിയക്കാരെ മാറ്റിപാർപ്പിച്ചിരുന്നത്. പന്ത്രണ്ടിനും എഴുപത്തിയേഴിനും ഇടയിൽ പ്രായമുള്ള എണ്ണായിരത്തിലധികം പുരുഷൻമാരെ ഇവർ കൂട്ടക്കൊല ചെയ്തതായാണ് കണക്കുകൾ. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ ഈ വംശഹത്യയെ, അന്താരാഷ്ട്ര കോടതികള്‍ വരെ വംശീയ ഉന്മൂലനമായി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ സെര്‍ബിയന്‍ രാഷ്ട്രീയ മുഖ്യധാര ഇപ്പോഴും ഇതംഗീകരിക്കാന്‍ തയാറായിട്ടില്ല.
ഗിഡിയൻ ഗ്രെയ്ഫിന് അവാർഡ് നൽകാനുള്ള തീരുമാനം ജർമ്മന്‍ വിദേശകാര്യ മന്ത്രാലയം പിൻവലിക്കുന്നതായി പ്രസിഡന്‍റ് ഫ്രാങ്ക്-വാൾട്ടർ, ജർമ്മനിയിലെ ഓസ്‌നാബ്രക്കിലെ ഇസ്ലാമിക് കോളേജിലെ ഡയറക്ടർ ബോർഡ് പ്രസിഡന്‍റ് എസ്നാഫ് ബെജിക്കിന് അയച്ച കത്തിലാണ് സൂചിപ്പിച്ചത്. ലോക ജൂത കോൺഗ്രസിന്‍റെ ജനറൽ കൗൺസിലർ മെനാചെം റോസെൻസാഫ്റ്റ് ഉൾപ്പെടെ നിരവധി പേർ സ്രെബ്രെനിക്ക വംശഹത്യയെക്കുറിച്ചുള്ള ഗ്രെയ്ഫിന്‍റെ റിപ്പോർട്ടിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങൾ നടത്തികൊണ്ട് വ്യാജ ചരിത്രനിർമ്മിതിക്കാണ് ഗ്രെയ്ഫ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.