കുരുക്കഴിഞ്ഞു; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി, ഗതാഗതം പുനരാരംഭിച്ചു
text_fieldsകൈറോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർഗിവൻ' നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാർ അഡ്മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട് ഒരാഴ്ചയോളം നീണ്ട പരിശ്രമഫലമായാണ് ചെളിയിൽ പുതഞ്ഞ കപ്പൽ മോചിപ്പിച്ചത്. ഇതോടെ കനാൽ വഴിയുള്ള ജലഗതാഗതം പുനരാരംഭിച്ചു.
'അവൾ സ്വതന്ത്രയായി' എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാൾ പ്രതികരിച്ചത്. സൂയസ് കനാലിലെ ടഗ് ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വിഡിയോയും അധികൃതർ പങ്കുവെച്ചു.
കപ്പലിന്‍റെ മുൻ, പിൻ ഭാഗങ്ങൾ നാലു മീറ്റർ ചലിച്ചതായി നേരത്തെ സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മുൻഭാഗം ചലിച്ചു തുടങ്ങുകയും പ്രൊപ്പലർ പ്രവർത്തന സജ്ജമാവുകയും ചെയ്തതോടെയാണ് കപ്പലിനെ നീക്കാൻ സാധിച്ചത്. മണൽതിട്ടയിൽ ഇടിച്ച കപ്പലിന്‍റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങുകയും ചെയ്തിരുന്നു.
കൂടുതൽ ടഗ് ബോട്ടുകൾ ഉപയോഗിച്ചും ഇരുവശത്തെയും ഡ്രെഡ്ജിങ് നടത്തി കപ്പൽ മോചിപ്പിച്ചും കണ്ടയ്നറുകൾ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കിയത്. 24 മണിക്കൂറിൽ 12 മണിക്കൂർ ഡ്രെഡ്ജിങ്ങിനായും 12 മണിക്കൂർ ടഗ് ബോട്ടുകളുടെ പ്രവർത്തനങ്ങൾക്കുമായാണ് മാറ്റിവെച്ചത്. 14 ടഗ് ബോട്ടുകൾ സ്ഥലത്തെത്തിച്ചിരുന്നു. നെതർലൻഡ്സ് ആസ്ഥാനമായുള്ള ബോസ്കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തത്.
ഏഷ്യയിൽ നിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാത ആറു ദിവസമാണ് അടഞ്ഞു കിടന്നത്. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം എൽ.എൻ.ജി, എൽ.പി.ജി ഉൽപന്നങ്ങൾ, വസ്ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സുകൾ അടക്കമുള്ളവ കയറ്റിയ 369 കപ്പലുകൾ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടന്നത്.
ചൊവ്വാഴ്ച പുലർച്ചയാണ് എവർഗിവൻ എന്ന ജപ്പാൻ ചരക്കുകപ്പൽ സൂയസ് കനാലിന് മധ്യേ ചേറിൽ പുതഞ്ഞത്. 2,24,000 ടൺ ചരക്ക് കയറ്റാൻ േശഷിയുള്ളതാണ് കപ്പൽ. ജപ്പാനിലെ ഷൂയി കിസെൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ തായ്വാൻ കമ്പനിയായ എവർഗ്രീൻ മറൈനാണ് സർവിസിന് ഉപയോഗിക്കുന്നത്.
പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ് സൂയസ് കനാൽ. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.