ഗസ്സയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫലസ്തീൻ മോഡലിനും കുടുംബത്തിനും വധഭീഷണി
text_fieldsഗസ്സസിറ്റി: ഇസ്രായേലിന്റെ ബോംബ് വർഷങ്ങൾക്ക് മുന്നിൽ പിടഞ്ഞുതീരുന്ന ഗസ്സയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫലസ്തീൻ-അമേരിക്കൻ സൂപ്പർമോഡൽ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി. 28 കാരിയാല ജീജി, സഹോദരി ബെല്ല, സഹോദരൻ അൻവർ, മാതാപിതാക്കളായ യോലന്ദ, മുഹമ്മദ് എന്നിവർക്കാണ് ഇ-മെയിലും സമൂഹമാധ്യമങ്ങളും മൊബൈൽ ഫോണും വഴി വധ ഭീഷണി ലഭിച്ചത്.
ഭീഷണിയെ തുടർന്ന് കുടുംബാംഗങ്ങളിൽ ചിലർ ഫോൺ നമ്പർ മാറാൻ നിർബന്ധിതരായും റിപ്പോർട്ടുണ്ട്. ഇസ്രായേൽ-ഗസ്സ യുദ്ധത്തെ കുറിച്ച് ജീജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇസ്രായേലിന്റെ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെയാണ് വധഭീഷണിയുയർന്നത്.
ഫ്രീ ഫലസ്തീൻ മൂവ്മെന്റിനെ അനുകൂലിക്കുന്നവരാണ് ജീജിയും സഹോദരി ബെല്ലയും. 'ഫലസ്തീനികളെ ഇസ്രായേൽ ഭരണകൂടം കൈകാര്യം ചെയ്യുന്നതിൽ ജൂതരെ സംബന്ധിച്ച ഒന്നുമില്ല. ഇസ്രായേൽ സർക്കാരിനെ അപലപിക്കുന്നത് ജൂതവിരുദ്ധമല്ല. ഫലസ്തീനികളെ പിന്തുണയ്ക്കുന്നത് ഹമാസിനെ പിന്തുണയ്ക്കുന്നതുമല്ല.'-എന്നായിരുന്നു ജീജിയുടെ പോസ്റ്റ്. ഗസ്സയിലെ നീതീകരിക്കാനാവാത ദുരന്തം പേറുന്നവർക്കൊപ്പമാണ് താനെന്നും എല്ലാദിവസവും സംഘർഷത്തിൽ നഷ്ടമാവുന്ന എണ്ണമറ്റ നിരപരാധികളുടെ ജീവനാണെന്നും അവർ കൂട്ടിച്ചേർത്തു.
ജീജിയുടെ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മറുപടി വന്നു. ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയപ്പോൾ ജീജി എവിടെയായിരുന്നുവെന്നും മറ്റൊരു പോസ്റ്റിൽ ചോദിക്കുന്നുണ്ട്. നിങ്ങൾക്ക് കഴിഞ്ഞാഴ്ച ഉറങ്ങാൻ സാധിച്ചിരുന്നില്ലേ? വീടുകളിൽ വെച്ച് ജൂതകുഞ്ഞുങ്ങളെ കശാപ്പു ചെയ്യുന്നത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ? ആ നിശ്ശബ്ദതയിലൂടെ വ്യക്തമാണ് നിങ്ങൾ ആർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങൾ നിങ്ങളെ കണ്ടോളാം.''ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു മറുപടി ഇങ്ങനെയായിരുന്നു.
മുറിയിലെ കൂട്ടിയിട്ടിരിക്കുന്ന കളിപ്പാട്ടങ്ങളിലും തറയിലും ചുവരിലും രക്തമുറഞ്ഞുകിടക്കുന്നതിന്റെ ചിത്രവും ഇസ്രായേൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ വിമർശിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും കുറിച്ചു. ഓസ്കർ ജേതാവായ റിസ് അഹ്മദും ഇസ്രായേലിനെതിരെ രംഗത്തുവന്നിരുന്നു. ഗസ്സയിലും ഫലസ്തീനിലും ഇസ്രായേൽ നടത്തുന്നത് ധാർമികമായി പ്രതിരോധിക്കാൻ പോലും കഴിയാത്ത യുദ്ധക്കുറ്റങ്ങളാണെന്നായിരുന്നു റിസ് അഹ്മദിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.