ആദ്യ എ.ഐ ഉച്ചകോടിക്ക് പാരിസിൽ തുടക്കം; 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
text_fieldsപാരിസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിതബുദ്ധി) ഭാവി ചർച്ചകൾക്ക് വേദിയാരുക്കി ഫ്രാൻസ്. ആദ്യ എ.ഐ ഉച്ചകോടിക്ക് തലസ്ഥാനമായ പാരിസിൽ തുടക്കം കുറിച്ചു. വിവിധ രാഷ്ട്രത്തലവന്മാരും കോർപറേറ്റ് മേധാവികളും ശാസ്ത്രജ്ഞരും അടക്കം 100 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ചൈനീസ് വൈസ് പ്രസിഡന്റ് യാങ് ഗോഗിങ്ങും ഉച്ചകോടിയിലുണ്ട്. വൈസ് പ്രസിഡന്റായി ചുമതലയേറ്റ വാൻസ് പങ്കെടുക്കുന്ന ആദ്യ വിദേശ പൊതുപരിപാടികൂടിയാണിത്. വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളുമായും അദ്ദേഹം ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ കാണുന്ന വാൻസ് റഷ്യ, ഗസ്സ വിഷയങ്ങളിൽ ചർച്ച നടത്തും.
അപൂർവമായ ശാസ്ത്ര, സാങ്കേതിക വിപ്ലവമാണിതെന്നും എ.ഐ വാഗ്ദാനം നൽകുന്ന അവസരം ഫ്രാൻസും യൂറോപ്പും ഉപയോഗപ്പെടുത്തണമെന്നും മാക്രോൺ പറഞ്ഞു. നിർമിതബുദ്ധിയെ മനുഷ്യർക്ക് ഉപകാരപ്രദമാക്കേണ്ടത് നമ്മളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഡോണൾഡ് ട്രംപും അമേരിക്കൻ ടെക് ഭീമന്മാരും ചൈനയും തീവ്രശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഉച്ചകോടി.
ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കും –ഫ്രഞ്ച് പ്രസിഡൻറ്
ന്യൂഡൽഹി: സൗഹൃദത്തിലൂന്നിയ പങ്കാളിത്തത്തിലൂടെ ഇന്ത്യയും ഫ്രാൻസും സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചക്ക് മുന്നോടിയായി ഇന്ത്യയുടെ ഫസ്റ്റ്പോസ്റ്റിനോടും ഫ്രഞ്ച് വാർത്ത ശൃംഖലയായ ഫ്രാൻസ് 24നോടും പാരിസിൽ വിഡിയോ അഭിമുഖത്തിലാണ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ഭാരതീയർക്കും എന്റെ നമസ്കാരമെന്ന് ഹിന്ദിയിൽ പറഞ്ഞാണ് അദ്ദേഹം അഭിമുഖം തുടങ്ങിയത്. സാങ്കേതികവിദ്യയിലും വിദ്യാഭ്യാസത്തിലും ഇന്ത്യയുടെ കരുത്ത് ഫ്രഞ്ച് പ്രസിഡൻറ് എടുത്തുപറഞ്ഞു. ഫ്രാന്‍സിലെത്തുന്ന മോദി, എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉച്ചകോടിയിൽ പങ്കെടുക്കും.
അതിനുശേഷം പ്രസിഡന്റ് ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യാനായി മാര്‍സെയിലിലേക്ക് പോകും. കൂടാതെ ഇന്റര്‍നാഷനല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്സ്പിരിമെന്റല്‍ റിയാക്ടര്‍ പ്രോജക്ടും മോദി സന്ദര്‍ശിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.