ആഗോള ഭക്ഷ്യ പ്രതിസന്ധി അഭയാർഥിപ്രവാഹം വർധിപ്പിക്കുമെന്ന് യു.എൻ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: റഷ്യൻ അധിനിവേശം സൃഷ്ടിച്ച ഭക്ഷ്യ സുരക്ഷ പ്രതിസന്ധി കാരണം കൂടുതൽ ആളുകളെ അവരുടെ സ്വന്തം രാജ്യത്ത് നിന്ന് വീടുകൾ ഉപേക്ഷിച്ച് മറ്റ് ദരിദ്ര രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് യു.എൻ അഭയാർഥി ഏജൻസി.
പീഡനം, സംഘർഷം, അക്രമങ്ങൾ എന്നിവയുടെ ഫലമായി 2021ന്‍റെ അവസാനത്തോടെ ലോകവ്യാപകമായി 89.3 ദശലക്ഷം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടുവെന്ന് യു.എൻ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളാണ് യുക്രെയ്നിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. യുദ്ധത്തിന്‍റെ ഭാഗമായി റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നുമുള്ള ധാന്യങ്ങളുടെ കയറ്റുമതി തടയപ്പെട്ടത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇതും വലിയ രീതിയിൽ പലായനത്തിന് കാരണമായി എന്നാണ് റിപ്പോർട്ട്.
''പുറത്തു വരുന്ന കണക്കുകൾ വളരെ അമ്പരപ്പിക്കുന്നതാണ്. വിഷയം വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ വളരെ വിനാശകരമായിക്കും''-യു.എൻ അഭയാർഥി ഏജൻസി തലവൻ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ആഫ്രിക്കയിലെ സഹേൽ മേഖലയിൽ വർധിച്ചു വരുന്ന വിലക്കയറ്റത്തിന്റെയും അക്രമാസക്തമായ കലാപങ്ങളുടെയും ഫലമായി നിരവധി ആളുകൾ രാജ്യത്ത് നിന്ന് ഇതിനോടകം പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പലായനം ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് യു.എൻ.എച്ച്.സി.ആർ റിപ്പോർട്ടിൽ പറയുന്നു. 2012ൽ പലായനം ചെയ്തവരുടെ എണ്ണം 42.7 ദശലക്ഷം ആയിരുന്നെങ്കിൽ ഇന്നത് ഇരട്ടിയിലധികമായിരിക്കുകയാണ്. 2021ന്‍റെ അവസാനത്തോടെ ലോകത്തിലെ 83 ശതമാനം അഭയാർഥികളും ആതിഥേയത്വം വഹിച്ചത് താഴ്ന്നതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലാണെന്ന് റിപ്പോർട്ട് പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ആവശ്യമായ ഫണ്ട് പോലും ലഭ്യമല്ല. യുക്രെയ്ൻ വിഷയത്തിനിടയിൽ എത്യോപ്യയിലെ രണ്ട് വർഷമായി തുടരുന്ന സംഘർഷവും ആഫ്രിക്കയിലെ വരൾച്ച ഉൾപ്പടെയുള്ള പ്രതിസന്ധികളും മറക്കരുതെന്ന് ഗ്രാൻഡി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.