ആഗോള സമ്പദ്‍വ്യവസ്ഥ മാന്ദ്യ നിഴലിൽ; എണ്ണവില ഈ വർഷം 100 ഡോളറിൽ എത്തില്ലെന്ന് ഗോൾഡ്മാൻ സാചസ്
text_fieldsവാഷിങ്ടൺ: ആഗോള സമ്പദ്‍വ്യവസ്ഥ മാന്ദ്യ നിഴലിൽ നിൽക്കെ ഈ വർഷം എണ്ണവില ബാരലിന് 100 ഡോളർ എത്തില്ലെന്ന് ഗോൾഡ്മാൻ സാചസ്. യു.എസിലെ രണ്ട് ബാങ്കുകളുടെ തകർച്ചയും ക്രെഡിറ്റ് സ്വിസിലെ പ്രതിസന്ധിയും ലോകത്ത് മാന്ദ്യമുണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് മുൻ പ്രവചനത്തിൽ മാറ്റം വരുത്തി എണ്ണവില 100 ഡോളറിൽ എത്തില്ലെന്ന് ഗോൾഡ്മാൻ പറഞ്ഞിരിക്കുന്നത്.
നേരത്തെ ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ബ്രെന്റ് ക്രൂഡിന്റെ വില വീണ്ടും 100 ഡോളർ തൊടുമെന്ന് അവർ പ്രവചനം നടത്തിയിരുന്നു. എന്നാൽ പുതിയ വിലയിരുത്തലനുസരിച്ച് എണ്ണവില 94 ഡോളർ കടക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. 2024ൽ എണ്ണവില ബാരലിന് 97 ഡോളറിലേക്ക് എത്തും.
സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പരന്നതോടെ ബ്രെന്റ് ക്രൂഡോയിൽ 80 ഡോളറിന് താഴേക്ക് എത്തിയിരുന്നു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വില 70 ഡോളറിനും താഴെ പോയിരുന്നു. ഇതിനിടെയാണ് ഗോൾഡ്മാന്റെ പുതിയ അവലോകനം പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് സി.എൻ.ബി.സി നടത്തിയ സർവേയുടെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. യു.എസിലെ 41 ശതമാനം ആളുകളും മാന്ദ്യം നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടാണ് സി.എൻ.ബി.സി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.