ഫലസ്തീൻ-മൃത്യുരാഷ്ട്രീയത്തിനെതിരെ ആഗോള ഐക്യദാർഢ്യങ്ങൾ
text_fieldsഫലസ്തീൻ യുദ്ധത്തിൽ സൈനികമായും രാഷ്ട്രീയമായും നയതന്ത്രപരമായും ബഹുമുഖമായ പരാജയമാണ് ഇസ്രായേലിന് സംഭവിക്കുന്നത്. മൃത്യുരാഷ്ട്രീയത്തിന്റെ എല്ലാ പോസ്റ്റ്ഹ്യൂമൻ യുക്തികളും ഉപയോഗിച്ച് നടത്തുന്ന യുദ്ധമായിട്ടും ഇസ്രായേൽ അനുദിനം അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. യുദ്ധം വിജയിക്കുന്നത് അതിന്റെ സാധൂകരണംകൂടി സർവസമ്മതമാവുമ്പോൾ മാത്രമാണ്. അമേരിക്കൻ കാമ്പസുകളിൽ ആരംഭിച്ച് ഇപ്പോൾ ആഗോളതലത്തിൽ ഉയർന്നുവന്ന ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു വിലയിരുത്തലല്ല ഇത്. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് കൃത്യം ആറുമാസത്തിനുശേഷം, 2024 ഏപ്രിൽ ഏഴിന് ഇസ്രായേൽ പ്രതിരോധസേനയുടെ (ഐ.ഡി.എഫ്) 98ാം ഡിവിഷൻ ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽനിന്ന് പിൻവാങ്ങി എന്നതുമുതൽ അന്താരാഷ്ട്ര കോടതിയുടെയും (ഐ.സി.സി) ലോകജനതയുടെയും മുന്നിൽ ഇസ്രായേൽ യുദ്ധക്കുറ്റവാളിയാകുന്നു എന്നതുവരെയുള്ള വസ്തുതകൾ നമ്മുടെ മുന്നിലുണ്ട്. ഇസ്രായേൽ അഭിമുഖീകരിക്കുന്നത് ആഗോള ജനാഭിപ്രായം ഏതാണ്ട് പൂർണമായും തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യമാണ്. നെതന്യാഹുവിന്റെ പരിഭ്രമങ്ങൾ അതിന്റെ പരകോടിയിൽ എത്തിയിരിക്കുന്നു.
ഫലസ്തീനെതിരെ സൈന്യത്തെ അയച്ചപ്പോൾ പശ്ചിമ യൂറോപ്പിലും അമേരിക്കയിലുമായിരുന്നു കൂടുതൽ സഹതാപവും പിന്തുണയും ഇസ്രായേലിന് ഉണ്ടായിരുന്നത്. ഏഴുമാസങ്ങൾക്കുശേഷം കുട്ടികളും സ്ത്രീകളുമടക്കം നാൽപതിനായിരത്തോളം ഫലസ്തീനികൾ കൊല്ലപ്പെടുകയും ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എല്ലാ അടിസ്ഥാനസൗകര്യങ്ങളും തകർക്കുകയും അവശേഷിക്കുന്നവരെ കടുത്ത പട്ടിണിയിലേക്കും ചികിത്സ തേടാൻപോലും അവസരമില്ലാതെ രോഗദുരിതത്തിലേക്കും വലിച്ചെറിയുകയുംചെയ്ത യുദ്ധത്തിൽ, ആഗോള ജനാഭിപ്രായത്തിനായുള്ള പോരാട്ടത്തിലും നയതന്ത്രത്തിലും സയണിസം സമൂലമായി പരാജയപ്പെട്ടുനിൽക്കുന്നു. പതിനായിരത്തിലധികംപേരെ കാണാതാവുകയും അനേകംപേർ തകർന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽപെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ, നിർമിതബുദ്ധി ഉപയോഗിച്ചുള്ള യുദ്ധവും ഇസ്രായേലിനെ ധാർമികമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇസ്രായേലിലെ +972 മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പറയുന്നത് ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും പ്രവർത്തകരെ ബോംബാക്രമണത്തിന് മാർക്ക് ചെയ്യാൻവേണ്ടി ‘ദ ഗോസ്പൽ’, ‘ലാവണ്ടർ’ എന്നീ പേരുകളിൽ എ.ഐ ഉപകരണങ്ങൾ ഇസ്രായേൽ വികസിപ്പിട്ടുണ്ട് എന്നാണ്. ആയിരക്കണക്കിന് ഹമാസ് അംഗങ്ങളുടെ വീടുകൾ ആക്രമിക്കുന്ന ‘കൊലപാതക ഫാക്ടറികൾ’ സൃഷ്ടിക്കാൻ അൽഗോരിതങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഇറാന്റെ നേരിട്ടുള്ള പ്രത്യാക്രമണവും ഇസ്രായേലിന്റെ ദൗർബല്യങ്ങൾ വ്യക്തമാകുന്നതായിരുന്നു. പാശ്ചാത്യ-അറബ് രാജ്യങ്ങളുടെ ഒരു കൂട്ടുകെട്ട് മിഡിൽ ഈസ്റ്റിലെ ആകാശത്ത് യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ഇസ്രായേലിന്റെ മിസൈൽ-പ്രതിരോധ സംവിധാനങ്ങൾക്കൊപ്പംനിന്ന് ഇറാന്റെ ഭീഷണികളെ തടസ്സപ്പെടുത്തുകയും ചെയ്തത് ആ ആക്രമണത്തിന്റെ ആഘാതങ്ങൾ ലഘൂകരിച്ചെങ്കിലും ഇത് ശാശ്വതമായ ഒരു പ്രതിരോധരീതിയല്ലെന്ന് ഇസ്രായേലിന് അറിയാം. അമേരിക്ക ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങൾ ഇസ്രായേലിനുള്ള പിന്തുണയുടെ പേരിൽ സ്വന്തം ജനതകളിൽനിന്ന് തെരുവുകളിൽ പരസ്യവിചാരണ നേരിടുകയാണ്. ഇസ്രായേലിനുള്ള ആയുധക്കയറ്റുമതി പരിമിതപ്പെടുത്തണോ എന്ന് അവർക്ക് ആലോചിക്കേണ്ടിവരുന്നു.
ആളിപ്പടരുന്ന വിദ്യാർഥി പ്രക്ഷോഭം
അമേരിക്കയിലും യൂറോപ്പിലും ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭങ്ങൾ ആളിക്കത്തുകയാണ്. കാലിഫോർണിയ സർവകലാശാലയിൽ ഈ അടുത്തദിവസം രാത്രി നടത്തിയ ഓപറേഷനിൽ ഫലസ്തീൻ അനുകൂല വിദ്യാർഥി ക്യാമ്പ് പൊലീസ് നീക്കംചെയ്യുകയും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിന് പ്രകടനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയിലെ കാമ്പസ് അറസ്റ്റുകൾ ഇപ്പോൾ 2200 കവിഞ്ഞിരിക്കുന്നു. കൊളംബിയ സർവകലാശാലയിൽ ഏപ്രിൽ 17ന്, ഇസ്രായേൽ ഗസ്സയിൽ ബോംബാക്രമണം നടത്തിയതിൽ രോഷാകുലരായ നൂറുകണക്കിന് വിദ്യാർഥികൾ കാമ്പസിന്റെ പുൽത്തകിടിയിൽ ‘ഗസ്സ ഐക്യദാർഢ്യ ക്യാമ്പ്’ സ്ഥാപിക്കുകയും ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളിലെ നിക്ഷേപങ്ങളിൽനിന്ന് പിന്മാറാൻ സർവകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സമരമാണ് മറ്റു കാമ്പസുകളിലേക്കും പടർന്നുപിടിച്ചത്. സൈനികാക്രമണത്തിൽ കാറിൽ പരിക്കുകളോടെ കുടുങ്ങിപ്പോയപ്പോൾ വൈദ്യസഹായം നിഷേധിച്ചും ആംബുലൻസ് കത്തിച്ചും ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനിയൻ ബാലിക ആറുവയസ്സുകാരി ഹിന്ദ് റിജാബിന്റെ പേരിൽ വിദ്യാർഥികൾ അവിടത്തെ ‘ഹാമിൽട്ടൺ ഹാൾ’ പുനർനാമകരണം ചെയ്യുകയുണ്ടായി.
ഫ്രഞ്ച് സർവകലാശാലകളിലെ കാമ്പസുകളിലെ ഇരിപ്പുസമരങ്ങളിൽനിന്നും ഒത്തുകൂടലുകളിൽനിന്നും ഒഴിപ്പിക്കപ്പെട്ട വിദ്യാർഥികൾ വെള്ളിയാഴ്ച പാരീസിലെ പന്തീയോണിന് പുറത്ത് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അയർലൻഡിലെ ട്രിനിറ്റി കോളജിലെയും സ്വിറ്റ്സർലൻഡിലെ ലോസാൻ യൂനിവേഴ്സിറ്റിയിലെയും വിദ്യാർഥികൾ ട്രിനിറ്റി ഇസ്രായേലുമായുള്ള അക്കാദമിക ബന്ധം വിച്ഛേദിക്കണമെന്നും ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളിൽനിന്ന് നിക്ഷേപങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇരിപ്പുസമരം നടത്തുന്നുണ്ട്. ആസ്ത്രേലിയയിലെയും കാനഡയിലെയും സർവകലാശാലകളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ജർമൻ വിദ്യാർഥികൾ വ്യാഴാഴ്ച ബെർലിനിൽ ഇസ്രായേൽ സൈനിക ആക്രമണത്തിനെതിരെ പ്രകടനം നടത്തി, ഫ്രീ യൂനിവേഴ്സിറ്റിക്ക് മുന്നിൽ പതാകകൾ വീശുകയും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള ഇറ്റാലിയൻ സർവകലാശാലകളുടെ സഹകരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ചൊവ്വാഴ്ച റോമിലെ ലാ സപിയൻസ യൂനിവേഴ്സിറ്റിയിൽ സമരം ചെയ്യുകയും പൊലീസ് അവർക്കുനേരെ ബലം പ്രയോഗിക്കുകയും ചെയ്തതിനെതുടർന്ന് ഇറ്റലിയിലും സമരം വ്യാപിക്കുകയാണ്. ഇംഗ്ലണ്ടിൽ, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ലീഡ്സ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ സർവകലാശാല കെട്ടിടങ്ങൾക്കു പുറത്ത് കൂടാരങ്ങൾ സ്ഥാപിച്ച് ഇരിപ്പുസമരം തുടങ്ങിയിട്ടുണ്ട്. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ലൈബ്രറിയിൽ ഇരിപ്പുസമരം നടത്തുന്നു. വാർവിക്ക് സർവകലാശാലയിൽ ജീവനക്കാരും വിദ്യാർഥികളും അടങ്ങുന്ന ഫലസ്തീൻ ഐക്യദാർഢ്യസമിതി ഇരിപ്പുസമരം തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലെ മറ്റു കലാലയങ്ങളിലും ഫലസ്തീൻ ഐക്യദാർഢ്യറാലികളും പ്രതിഷേധങ്ങളും നടക്കുന്നു.
ഫലസ്തീനുവേണ്ടിയുള്ള ആഗോള സാഹോദര്യം
നിരന്തരമുള്ള ബോംബാക്രമണത്തിൽ അഭയാർഥികളായ ഒരു ദശലക്ഷത്തിലധികംപേർ അഭയംതേടിയിട്ടുള്ള റഫയിലേക്ക് സൈന്യത്തെ അയക്കുമെന്നതാണ് മാസങ്ങളായുള്ള ഇസ്രായേലിന്റെ ഭീഷണി. ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ അന്ത്യശാസനം നൽകിയിരിക്കുകയാണെന്നും അത് കഴിഞ്ഞാൽ ഇസ്രായേൽ റഫ ആക്രമിക്കുമെന്നുമാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. എന്നാൽ, അമേരിക്കപോലും ഇത് ഒഴിവാക്കാനോ വൈകിക്കാനോ സമ്മർദം ചെലുത്തുന്ന സാഹചര്യമാണുള്ളത്. റഫ ആക്രമണം ലക്ഷക്കണക്കിന് സിവിലിയൻ മരണങ്ങൾക്ക് കാരണമാവുമെന്ന് ലോകാരോഗ്യസംഘടനതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരണത്തിന്റെ കണക്കുകാട്ടി മൃത്യുരാഷ്ട്രീയത്തിന്റെ ഉപാസകരെ പിന്തിരിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് അവഗണിച്ച് റഫ ആക്രമിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ് എന്നത് ഇസ്രായേലിന് അവഗണിക്കാൻ കഴിയില്ല. ഉടനടിയുള്ള യുദ്ധവിരാമം, ഫലസ്തീൻ തടവുകാരുടെ മോചനം, ഗസ്സയിൽനിന്നുള്ള ഇസ്രായേലിന്റെ സമ്പൂർണമായ സൈനിക പിന്മാറ്റം എന്നിവയാണ് പ്രശ്നപരിഹാരത്തിനുള്ള ലോകസ്വീകാര്യമായ കർമമാർഗം.
ഇസ്രായേലിന്റെ അധിനിവേശ രാഷ്ട്രീയത്തിനും അതിനെ താങ്ങിനിർത്തുന്ന സാമ്രാജ്യത്വ-സൈനിക മൂലധന ശക്തികൾക്കുമെതിരെയുള്ള ആഗോള സാഹോദര്യം അനുദിനം ശക്തിപ്പെടുകയാണ്. ഫലസ്തീനെ ചുടുകാടാക്കാമെന്ന ഈ ശാക്തികചേരിയുടെ ദുഷ്ടലക്ഷ്യം, ഉയരുന്ന യുദ്ധവിരുദ്ധ മൈത്രിയുടെ ധാർമികബലത്തിന് മുന്നിൽ ചൂളിപ്പോവുന്ന കാഴ്ചയാണ് ഇപ്പോൾ സർവകലാശാലകളിലും തെരുവുകളും കാണുവാൻ കഴിയുന്നത്. വിയറ്റ്നാം യുദ്ധകാലത്തെ ജനകീയമുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്നത് തന്നെയാണ് ഈ പ്രക്ഷോഭം. അതിനുമപ്പുറം, പുതിയ പോസ്റ്റ്ഹ്യൂമൻ എ.ഐ മൂലധനത്തിന്റെ മൃത്യുരാഷ്ട്രീയത്തെയും അതിന്റെ ആഗോളമുഖമായ യൂറോ-അമേരിക്കൻ-ഇസ്രായേൽ അച്ചുതണ്ടിന്റെ നിഷേധവാഴ്ചക്കെതിരെയുമുള്ള വിചാരണകൂടിയായി ഈ യുദ്ധവിരുദ്ധ സൗഭ്രാത്രം രൂപാന്തരപ്പെടുകയാണ്. സർവകലാശാലകളുടെ ഇസ്രായേൽ ബന്ധങ്ങൾ അവസാനിപ്പിക്കാൻകൂടി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളിൽ നിലീനമായിരിക്കുന്നത് പുതിയ ആഗോള നൈതികതക്കായുള്ള നിലപാടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.