'ആഗോളഗ്രാമം' ചൊവ്വാഴ്ച മിഴിതുറക്കും
text_fieldsദുബൈ: ലോകരാജ്യങ്ങളുടെ വിനോദത്തിന്റെയും വ്യാപാരത്തിന്റെയും സംഗമഗ്രാമമായ ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസൺ ചൊവ്വാഴ്ച ആരംഭിക്കും. പുതിയ ആകർഷണങ്ങളും വിനോദങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ ആഗോള ഗ്രാമം ആരാധകർക്കായി മിഴിതുറക്കുന്നത്. 2023 ഏപ്രിൽ വരെയാണ് പുതിയ സീസൺ അരങ്ങേറുക. വൈകീട്ട് നാലുമുതൽ അർധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരുമണി വരെ പ്രവർത്തിക്കും. കഴിഞ്ഞ സീസണിൽ എത്തിയ 78 ലക്ഷം സന്ദർശകരേക്കാൾ കൂടുതൽ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 80ലധികം സംസ്കാരങ്ങളെ പ്രതിനിധാനംചെയ്ത് യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, അഫ്ഗാനിസ്താൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലബനാൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ പവിലിയനുകൾ ഇത്തവണയും വില്ലേജിലുണ്ടാകും.
എങ്ങനെ എത്തിച്ചേരാം
സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ നാലു റൂട്ടുകളിൽ ബസ് സർവിസ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസുണ്ടാകും. റാശിദിയ്യ സ്റ്റേഷനിൽനിന്ന് 102 നമ്പർ ബസും, ഗുബൈബ സ്റ്റേഷനിൽനിന്ന് 104 നമ്പർ ബസും, എമിറേറ്റ്സ് മാൾ സ്റ്റേഷനിൽനിന്ന് 106 നമ്പർ ബസും ഗ്ലോബൽ വില്ലേജിലേക്ക് സർവിസ് നടത്തും. ഈ ബസുകൾ ഓരോ മണിക്കൂറിലും സർവിസ് നടത്തുമ്പോൾ യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് 103 നമ്പർ ബസ് ഓരോ 40 മിനിറ്റിലും ആഗോളഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. കാറിൽ വരുന്നവർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ(ഇ-311) എക്സിറ്റ് 37 വഴി ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കാം.
ടിക്കറ്റ് നിരക്ക്
സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ വാങ്ങുമ്പോൾ 10 ശതമാനം കുറഞ്ഞ വിലയിൽ ടിക്കറ്റ് ലഭിക്കും. ഞായർ മുതൽ വ്യാഴം വരെ (പൊതുഅവധി ദിവസങ്ങൾ ഒഴികെ) ഉപയോഗിക്കാവുന്ന പുതിയ ടിക്കറ്റ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന്(വാല്യൂ ടിക്കറ്റ്) 20ദിർഹമും ഏത് ദിവസവും പ്രവേശിക്കാവുന്ന ടിക്കറ്റിന്(എനി ഡേ ടിക്കറ്റ്) 25 ദിർഹമുമാണ് നിരക്ക്. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകൾക്കും 10 ശതമാനം കുറവു ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.