'ഗോ നിയാസി ഗോ', പാട്ടും ഡി.ജെ പാർട്ടിയുമായി പ്രതിഷേധം ആഘോഷമാക്കി പാകിസ്ഥാനികൾ
text_fieldsപാകിസ്ഥാനിലെ ഇമ്രാൻഖാൻ സർക്കാറിനെതിരെ കനത്ത പ്രതിഷേധമാണ് തെരുവുകളിൽ നിന്ന് ഉയരുന്നത്. സർക്കാരിനെ ലക്ഷ്യമിട്ട് 'ഗോ നിയാസി ഗോ'എന്ന മുദ്രാവാക്യമുയർത്തി തെരുവുകൾ ജനക്കൂട്ടം നിറഞ്ഞിരിക്കുന്നു. ഇൗ പ്രതിഷേധങ്ങളുടെ ഒരു പ്രത്യേകത അതിൽ ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങളും പാട്ടുകളുമാണ്. റോക് സ്റ്റാറുകൾ ആടിത്തിമിർക്കുന്ന വേദിക്ക് സമാനമാണ് പ്രതിഷേധ സദസ്സുകൾ. പഴയതും ഉപയോഗിച്ചതുമായ മുദ്രാവാക്യങ്ങൾ, പാട്ടുകൾ, പ്രമുഖ ഡിജെ ഗാനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആഘോഷതിമിർപ്പിലാണ് പ്രതിഷേധം അലയടിക്കുന്നത്.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ), ജംഇയ്യത്തുൽ ഉലമ-ഇ-ഇസ്ലാം എന്നിവരുടെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ പ്രതിപക്ഷ സഖ്യമാണ് പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെൻറ് (പിഡിഎം). സഖ്യം വിശാലമാണെങ്കിലും ഇവരുടെ ആവശ്യം ഒന്നാണ്, ഇമ്രാൻ ഖാൻ പുറത്തുപോകണം എന്നതാണത്. പ്രതിഷേധക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മുദ്രാവാക്യം 'ഗോ നിയാസി ഗോ' ആണ്. ഇൗ മുദ്രാവാക്യത്തിനൊരു ചരിത്ര പ്രാധാനമുണ്ട്. 1971 ൽ ജനറൽ എ.എ.കെ നിയാസിയാണ് കിഴക്കൻ പാകിസ്ഥാനിൽ 90,000 സൈനികരുമായി ഇന്ത്യക്കു മുന്നിൽ കീഴടങ്ങിയത്. അതുകൊണ്ടുതന്നെ നിയാസി പാകിസ്ഥാനികൾക്ക് അത്ര പ്രിയപ്പെട്ട നാമമല്ല. ഇപ്പോൾ മുദ്രാവാക്യം മുഴക്കുന്നവർ പക്ഷെ ഉദ്ദേശിക്കുന്നത് ഇപ്പോഴത്തെ പ്രധാനമന്ത്രിയെയാണ്. അദ്ദേഹത്തിെൻറ മുഴുവൻപേര് ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി എന്നാണ്.
2018 ൽ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി തെൻറ ഒൗദ്യോഗിക നാമത്തിൽ നിന്ന് 'നിയാസി' ഒഴിവാക്കിയിരുന്നു. പക്ഷെ പ്രതിഷേധക്കാർ നിയാസി എന്ന പേര് അദ്ദേഹത്തെ ഒാർമിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതേ മുദ്രാവാക്യങ്ങൾ കാരണം പ്രധാനമന്ത്രിക്ക് അടുത്തിടെ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. നേതാക്കൾ പോകുേമ്പാഴും മാറാതെ നിൽക്കുന്ന മുദ്രാവാക്യംകൂടെയാണ് 'ഗോ നിയാസി ഗോ'.ഒരുകാലത്ത് 'ഗോ നവാസ് ഗോ' ആയിരുന്നു പാകിസ്ഥാനിൽ അലയടിച്ചിരുന്ന മുദ്രാവാക്യം. പിന്നീടത് 'ഗോ മുഷറഫ് ഗോ' ആയി.
2014 ൽ ഇമ്രാനോടൊപ്പം നിന്ന പാകിസ്ഥാനിലെ പ്രശസ്ത ഡി.ജെ ആയ ആസിഭ് ബട്ട് എന്ന ഡി.ജെ ബട്ട് ഇപ്പോൾ പ്രതിപക്ഷത്തിെൻറകൂടെയാണ്. 'കാപ്റ്റൻ'വാഗ്ദാനം ചെയ്ത മാറ്റം പാകിസ്ഥാനിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നാണ് ഡിജെ ബട്ട് പറയുന്നത്. അതിനാൽ തെൻറ സേവനങ്ങൾ ഇപ്പോൾ പ്രതിപക്ഷത്തിന് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ദാലേർ മെഹന്ദിയുടെ പഴയ ഹിറ്റായ ബോലോ തരരര ഇപ്പോഴും പ്രതിഷേധഗാനങ്ങളിലെ സൂപ്പർ ഹിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.