‘‘ദൈവമേ, എന്റെ ഒരു കുഞ്ഞിനെയെങ്കിലും ബാക്കിയാക്കണേ...’’; വേദനയായി ഭൂകമ്പത്തിൽ ആറ് മക്കളെ നഷ്ടപ്പെട്ട സിറിയക്കാരൻ
text_fieldsജാന്താരിസ് (സിറിയ): സിറിയയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽനിന്ന് തലനാരിഴക്കാണ് നാസർ അൽ വഖാസ് രക്ഷപ്പെട്ടത്. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളെ അതിജീവിച്ച അദ്ദേഹത്തിന്റെ കുടുംബത്തിന് പക്ഷെ, ഭൂമി ആഞ്ഞുകുലുങ്ങിയപ്പോൾ രക്ഷയുണ്ടായിരുന്നില്ല.
തകർന്ന വീടിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഭാര്യയുടെയും മക്കളുടെയും ജീവനറ്റ ശരീരങ്ങൾ ഓരോന്നായി രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ വഖാസിന്റെയും കണ്ടുനിന്നവരുടെയും ഹൃദയംനുറുങ്ങി. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ വിറക്കുന്ന കരങ്ങളോടെ സ്വീകരിക്കുമ്പോൾ അദ്ദേഹം മനംനൊന്ത് പ്രാർഥിച്ചത് ഒന്ന് മാത്രമായിരുന്നു, ‘‘ദൈവമേ, എന്റെ ഒരു കുഞ്ഞിനെയെങ്കിലും നീ ബാക്കിയാക്കണേ...!!’’. ദൈവം അദ്ദേഹത്തിന്റെ രണ്ട് മക്കളെ അവശേഷിപ്പിച്ചു. എന്നാൽ, നഷ്ടപ്പെട്ടത് ഒന്നും രണ്ടുമായിരുന്നില്ല, ആറ് മക്കളെയായിരുന്നു -മൂന്ന് ആണും മൂന്ന് പെണ്ണും, ഒപ്പം ഭാര്യയും.
തിങ്കളാഴ്ചത്തെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ജന്താരിസിലെ അവരുടെ വീടിന്റെ അവശിഷ്ടങ്ങൾക്കരികെ നിന്ന് അയാൾ മക്കളെ ഓരോരുത്തരെയും നിസ്സഹായനായി പേരെടുത്ത് ഉറക്കെവിളിച്ചുകൊണ്ടിരുന്നു. ബിലാൽ, ഫൈസൽ, മെഷാൽ, മുഹ്സിൻ, മൻസൂർ, ഹിബ, ഇസ്റ, സമീഹ... രക്ഷപ്പെട്ട അയൽവാസികൾ ആവുംവിധം അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. അവസാനം രണ്ട് മക്കളെ രക്ഷാപ്രവർത്തകർ നാസർ അൽ വഖാസിന് ജീവനോടെ തിരിച്ചു നൽകിയെങ്കിലും ഒപ്പമുണ്ടായിരുന്ന ഏഴുപേർ അവശിഷ്ടങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നിരുന്നു.
മരിച്ച കുഞ്ഞുങ്ങളിലൊരാളുടെ വസ്ത്രങ്ങളിൽ മുഖമമർത്തി അയാൾ വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു. ഹൃദയം തകർന്ന ആ പിതാവിന്റെ നിലവിളി നിസ്സഹായതയോടെ കണ്ടുനിൽക്കാനേ രക്ഷാപ്രവർത്തകർക്കായുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.