‘സാറിനെ ദൈവം രക്ഷിക്കും’; 72ാം ജന്മദിനത്തിൽ പുടിന് ലഭിച്ച ആദ്യ ആശംസ
text_fieldsമോസ്കോ: ‘സാറിനെ(Tsar) ദൈവം രക്ഷിക്കും’- ഇന്ന് 72 വയസ്സ് തികയുന്ന പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് ലഭിച്ച ആദ്യത്തെ പൊതു ജന്മദിനാശംസകളിൽ ഒന്നാണിത്. ഞായറാഴ്ച അർധരാത്രി പിന്നിട്ട് മിനിട്ടുകൾക്കകം തന്റെ ടെലിഗ്രാം ചാനലിൽ തീവ്ര ദേശീയവാദിയായ റഷ്യൻ സൈദ്ധാന്തികൻ അലക്സാണ്ടർ ഡുഗിനിൽ നിന്നാണ് ഈ ആശംസ ലഭിച്ചത്. ഉക്രെയ്‌നെയും മറ്റ് പ്രദേശങ്ങളുടെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ റഷ്യൻ സാമ്രാജ്യത്തിന്റെ ഏകീകരണത്തിനായി നേരത്തേതന്നെ വാദിച്ചുവരുന്നയാളാണ് 62 കാരനായ ഡുഗിൻ. 2022ൽ ദുഗിന്റെ മകൾ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
‘സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ ദേശീയ നേതാവിന്റെ ജന്മദിനമാണ്’- റഷ്യയിലെ ചെചെൻ റിപ്പബ്ലിക്കിന്റെ നേതാവും പുടിന്റെ ‘കാലാൾ പടയാളി’ എന്ന് സ്വയം വിളിക്കുന്നയാളുമായ റംസാൻ കദിറോവ് ടെലിഗ്രാമിൽ അഭിനന്ദന സന്ദേശത്തിൽ എഴുതി. ‘ഇന്ന് നമ്മുടെ മുഴുവൻ രാജ്യത്തിനും ഒരു സുപ്രധാന ദിവസമാണെ’ന്നും കദിറോവ് കുറിച്ചു.
2022ൽ ഉക്രെയ്ൻ ആക്രമിക്കാൻ തന്റെ സൈന്യത്തോട് ഉത്തരവിട്ട പുടിൻ, മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയിരുന്നു. അടുത്ത ആറു വർഷ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ രണ്ടു നൂറ്റാണ്ടിലേറെ കാലം സാർ (Tsar)ചക്രവർത്തിമാരും മറ്റും ഭരിച്ച രാജ്യത്തെ ഏറ്റവും കൂടുതൽ കാലം സേവിച്ച നേതാവായി പുടിൻ മാറും. ഈ വിജയത്തോടെ അദ്ദേഹം കാൽ നൂറ്റാണ്ടിലേക്കടുക്കുന്ന അധികാരത്തിൽ കൂടുതൽ ശക്തമായ പിടിമുറുക്കിക്കഴിഞ്ഞു.
ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ച നടപടി ശരിയായിരുന്നുവെന്നാണ് പുടിന്റെ അവകാശവാദം. എന്നാൽ, പാശ്ചാത്യലോകം പുടിനെ സ്വേച്ഛാധിപതിയും കൊലയാളിയുമായാണ് വിശേഷിപ്പിക്കുന്നത്. മുൻ കെ.ജി.ബി ചാരന്റെ ഭരണം നീട്ടിയ മാർച്ചിലെ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ഉക്രേനിയൻ പ്രസിഡന്‍റ് വ്ലാദിഡിമർ സെലെൻസ്‌കി പറയുന്നത്. ശീതയുദ്ധത്തിനുശേഷം മോസ്കോയുടെ സ്വാധീനമേഖലയിൽ അതിക്രമിച്ചുകയറി റഷ്യയെ അപമാനിച്ചുവെന്ന് ആരോപിച്ച്, പടിഞ്ഞാറൻ രാജ്യവുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള യുദ്ധത്തിന്റെ ഭാഗമായാണ് പുടിൻ ഉക്രെയ്നിലെ യുദ്ധത്തെ ചിത്രീകരിക്കുന്നത്.
സാമ്രാജ്യത്വ അധിനിവേശമെന്നാണ് ഉക്രെയ്നും പാശ്ചാത്യ സഖ്യകക്ഷികളും യുദ്ധത്തെ വിളിക്കുന്നത്. സംഘർഷം ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കി. അവരിൽ ഭൂരിഭാഗവും ഉക്രേനിയക്കാരാണ്. യുദ്ധം നഗരങ്ങളെ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളാക്കി മാറ്റുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.