ഏറെ സങ്കടം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു പോവുന്നത്, എന്റെ ഹൃദയം അവർക്കൊപ്പമാണ് -മെസ്സി
text_fieldsതുര്‍ക്കിയേയും സിറിയയേയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. തുര്‍ക്കിയിലേയും സിറിയയിലേയും കാഴ്ചകള്‍ ഏറെ സങ്കടകരമാണെന്നും അവര്‍ക്ക് കൈത്താങ്ങാവാന്‍ കഴിയണമെന്നും മെസ്സി പറഞ്ഞു. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.
''ഭൂകമ്പം ദുരിതം വിതച്ച സിറിയയിലേയും തുർക്കിയിലേയും ആയിരക്കണക്കിന് കുഞ്ഞുങ്ങളും അവരുടെ കുടുംബങ്ങളും ഏറെ സങ്കടം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു പോവുന്നത്. എന്റെ ഹൃദയം അവർക്കൊപ്പമാണ്. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് സുരക്ഷയൊരുക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുകയാണ് യൂനിസെഫ്. ഈ സമയത്ത് നിങ്ങളുടെ സഹായങ്ങളും ഏറെ വിലപ്പെട്ടതാണ്''- മെസ്സി കുറിച്ചു.
തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 33,000 പിന്നിട്ടു തുർക്കിയിൽ 29,605 പേരും സിറിയയിൽ 3,576 പേരുമാണ് മരിച്ചത്. സിറിയയിൽ കൂടുതൽ പേർ മരിച്ചത് വിമത പ്രദേശമായ ഇദ്‌ലിബിലാണ്. മരണസംഖ്യ ഇനിയുമേറെ ഉയരുമെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചു. തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
അതേസമയം ,ജർമനി ദുരിതബാധിതർക്ക് മൂന്നുമാസത്തേക്ക് അടിയന്തര വിസ പ്രഖ്യാപിച്ചു. വിസ വേഗത്തിൽ ലഭ്യമാക്കുമെന്ന് ജർമൻ വിദേശകാര്യമന്ത്രി അറിയിച്ചു. കെട്ടിടങ്ങൾ തകർന്നത് നിർമാണ തകരാറുകളെ തുടർന്നാണെന്ന പരാതിയിൽ 113 പേരെ അറസ്റ്റ് ചെയ്യാൻ തുർക്കി ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജർമൻ, ഇസ്രായേൽ, ഓസ്ട്രിയൻ രക്ഷാസംഘങ്ങൾ തുർക്കിയിൽ നിന്ന് പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.