ഗസ്സ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗ്ൾ ഓഫിസുകളിൽ വൻ സമരം; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു
text_fieldsന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് സാങ്കേതിക പിന്തുണ നൽകാനുള്ള ഗൂഗ്ളിന്റെ നീക്കത്തിനെതിരെ ജീവനക്കാരുടെ നേതൃത്വത്തിൽ യു.എസിലെ ഗൂഗ്ളിന്റെ ഓഫിസിൽ വൻ പ്രതിഷേധം. ന്യൂയോർക്കിലെയും കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലെയും ഓഫിസുകളിൽ 100ലേറെ ജീവനക്കാർ 10 മണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ചയാണ് സംഭവം. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നൽകിയതിന് 28 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഗൂഗ്ൾ അറിയിപ്പ് പുറത്തിറക്കി.
ഇസ്രായേലും ഗൂഗിളും ആമസോണും തമ്മിൽ പ്രൊജക്റ്റ് നിംബസ് എന്ന പേരിൽ 1.2 ബില്യൺ ഡോളറിന്റെ നിർമിതബുദ്ധി, നിരീക്ഷണ സംവിധാനത്തിനുള്ള കരാർ ഒപ്പുവെച്ചിരുന്നു. യുദ്ധത്തിനും സൈനികനിരീക്ഷണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ഈ പദ്ധതിക്കെതിരെ ‘നോ ടെക് ഫോർ അപാർത്തീഡ്’ എന്ന വംശീയവിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന ടെക്കികളുടെ സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
ഇന്നലത്തെ 10 മണിക്കൂർ കുത്തിയിരിപ്പ് സമരം ഐതിഹാസികമായിരുന്നുവെന്ന് നോ ടെക് ഫോർ അപാർത്തീഡ് വക്താവ് ജെയ്ൻ ചുങ് പ്രസ്താവനയിൽ പറഞ്ഞു. "നോ ടെക് ഫോർ ജെനോസൈഡ് ഡേ ഓഫ് ആക്ഷൻ" എന്ന പേരിലാണ് സമരം നടത്തിയത്. പ്രതിഷേധങ്ങളുടെയും ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും നിരവധി വീഡിയോകളും ലൈവ് സ്ട്രീമുകളും സമരക്കാർ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമ്പരാഗത അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചാണ് ഫലസ്തീന് പിന്തുണയുമായി ജീവനക്കാർ സമരത്തിനെത്തിയത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ക്ലൗഡ് യൂണിറ്റ് സിഇഒ തോമസ് കുര്യനും വംശഹത്യയുടെ ലാഭം കൊയ്യുന്നവരാണെന്ന് സമരക്കാർ ആരോപിച്ചു.
പ്രൊജക്റ്റ് നിംബസ് സാങ്കേതികവിദ്യ ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ആയുധമാക്കുമെന്ന ആശങ്ക ഗൂഗ്ളിലെ സാങ്കേതിക വിദഗ്ധർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതേസമയം, സമരത്തിൽ നേരിട്ട് പങ്കെടുക്കാത്ത തൊഴിലാളികളെയടക്കം പിരിച്ചുവിട്ടതായി ഇവർ അറിയിച്ചു.
കാലിഫോർണിയയിലെ സി.ഇ.ഒ ഓഫിസിൽ അതിക്രമിച്ചുകടന്നതിനാണ് പിരിച്ചുവിടൽ നടപടിയെന്ന് ഗൂഗ്ൾ ഗ്ലോബൽ സെക്യൂരിറ്റി വൈസ് പ്രസിഡൻറ് ക്രിസ് റാക്കോവ് അറിയിപ്പിൽ പറഞ്ഞു. ഓഫിസ് സ്ഥലങ്ങൾ കൈയേറി, സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി, ഗൂഗ്ളർമാരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സമരക്കാർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പെരുമാറ്റം അസ്വീകാര്യവും അങ്ങേയറ്റം വിനാശകരവും സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതുമായിരുന്നുവെന്നും അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ മാസം ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഗൂഗ്ൾ ടെക് കോൺഫറൻസിൽ കമ്പനിയുടെ ഇസ്രായേൽ ആസ്ഥാനമായുള്ള മുതിർന്ന ഉദ്യോഗസ്ഥനുനേരെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ പരസ്യമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.