ഇസ്രായേലിനെതിരെ പ്രതിഷേധിച്ച ഗൂഗ്ൾ എൻജിനീയറെ പിരിച്ചുവിട്ടു
text_fieldsന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പരസ്യമായി പ്രതിഷേധിച്ച യുവ സോഫ്റ്റ്‍വെയർ എൻജിനീയറെ ഗൂഗ്ൾ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ന്യൂയോർക്ക് സിറ്റിയിൽ കമ്പനി സ്പോൺസർ ചെയ്ത ഇസ്രായേലി ടെക് ഇവൻ്റ് തടസ്സപ്പെടുത്തിയ സോഫ്റ്റ്വെയർ എഞ്ചിനീയറെയാണ് പുറത്താക്കിയത്.
തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ഇസ്രായേൽ ടെക് കോൺഫറൻസിലാണ് ഗൂഗ്ൾ ഇസ്രായേൽ മാനേജിങ് ഡയറക്ടർ ബറാക് റെഗേവിന്‍റെ പ്രസംഗം ജീവനക്കാർ തടസപ്പെടുത്തിയത്. ഇസ്രായേൽ ഭരണകൂടത്തിനും സൈന്യത്തിനും ക്ലൗഡ് സർവിസ് ലഭ്യമാക്കാനായി പ്രോജക്ട് നിംബസ് എന്ന പേരിൽ 1.2 ശതകോടി ഡോളറിന്റെ കരാറിൽ ഗൂഗ്ൾ 2021ൽ ഏർപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ബറാക് റെഗേവ് വിശദീകരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
BREAKING—PRO-PALESTINE @googlecloud ENGINEER DISRUPTS @Google ISRAEL DIRECTOR AT GOOGLE-SPONSORED ISRAELI TECH CONFERENCE IN NYC.
— No Tech For Apartheid (@NoTechApartheid) March 4, 2024
The worker demanded that Google STOP using worker labor to power genocide against Palestinians in Gaza. #NoTechForApartheid pic.twitter.com/t2mqCqFFay
പ്രോജക്ട് നിംബസ് വഴി ഫലസ്തീനികളെ കൂടുതൽ നിരീക്ഷിക്കാനും നിയമവിരുദ്ധമായ ഡാറ്റ ശേഖരണത്തിനും ഫലസ്തീൻ ഭൂമിയിൽ ഇസ്രായേലിന്‍റെ അനധികൃത കുടിയേറ്റങ്ങൾ വിപുലീകരിക്കാനും സാധിക്കുമെന്ന് ‘ഗാർഡിയൻ’ ചൂണ്ടിക്കാട്ടിയിരുന്നു.
‘ഞാൻ ഗൂഗിൾ ക്ലൗഡ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ്. വംശഹത്യ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ നിർമ്മിക്കാൻ എനിക്ക് സമ്മതമല്ല’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് കോൺഫറൻസിൽ ഒരു സോഫ്റ്റ്വെയർ എൻജിനീയർ പ്രതിഷേധിച്ചത്. പിന്നാലെ, മറ്റൊരു ജീവനക്കാരിയും ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ കോൺഫറൻസ് ഹാളിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയി.
2017 മുതൽ ഗൂഗ്ളിന്‍റെ ഇസ്രായേൽ മാനേജിങ് ഡയറക്ടറാണ് ബറാക് റെഗേവ്. ഇസ്രായേലിന്‍റെ നിർമിത ബുദ്ധി (എ.ഐ) വ്യവസായത്തെ കുറിച്ചാണ് റെഗേവ് പ്രഭാഷണം നടത്തിയത്. ഗസ്സ ആക്രമണത്തിന് ഇസ്രായേൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
ഗൂഗ്ൾ പ്രതികാര നടപടിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ‘നോ ടെക് ഫോർ അപാർത്തീഡ്’ എന്ന സന്നദ്ധ സംഘടന ആരോപിച്ചു. വംശഹത്യയിൽ പങ്കാളിയാകാൻ വിസമ്മതിച്ചതിന് പുറത്താക്കപ്പെട്ടതിൽ പിരിച്ചുവിടപ്പെട്ടയാൾ അഭിമാനിക്കുന്നതായി സംഘടന എക്സ് പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.