സർക്കാർ രൂപവത്കരണം: പാകിസ്താനിൽ ആശയക്കുഴപ്പം തുടരുന്നു
text_fieldsകറാച്ചി: പാകിസ്താനിൽ സർക്കാർ രൂപവത്കരണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. നാഷനൽ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) നവാസ് ശരീഫിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കാൻ ശ്രമിക്കുന്ന സർക്കാരിൽ ചേരണോ എന്ന കാര്യത്തിൽ കടുത്ത ഭിന്നിപ്പിലെന്ന് റിപ്പോർട്ട്. പ്രധാന മന്ത്രി പദം നവാസ് ശരീഫ്, ബിലാവൽ ഭൂട്ടോ വിഭാഗങ്ങൾ പങ്കിട്ടെടുക്കാനുള്ള നിർദേശം യോഗത്തിൽ ചർച്ച ചെയ്തെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. നിർദേശത്തെ ചെയർമാൻ ബിലാവൽ ഭൂട്ടോ എതിർത്തതായാണ് വിവരം.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യവും സഖ്യസർക്കാരിനെ സംബന്ധിച്ച നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിനായി ഇസ്‍ലാമാബാദിൽ ചേർന്ന പി.പി.പിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആശയ സമവായത്തിലെത്താത്തതിനെ തുടർന്ന് പിരിഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലീം ലീഗ്-നവാസുമായി (പി.എം.എൽ-എൻ) സഖ്യ സർക്കാറിൽ പങ്കാളിയാവാതെ പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമായില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു യോഗം. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പി.പി.പി എല്ലാ പാർട്ടികളെയും സമീപിക്കുമെന്നും സാധ്യമായ വഴികൾ ആരായുമെന്നും സെനറ്റർ ഷെറി റഹ്മാൻ പറഞ്ഞു.
ആസിഫ് അലി സർദാരി പി.എം.എൽ-എന്നുമായും മറ്റ് ചില പാർട്ടികളുമായും ചർച്ചകൾ തുടരുന്നുണ്ടെങ്കിലും അത്തരം നീക്കത്തെ ചെയർമാൻ ബിലാവൽ അനുകൂലിക്കുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും പി.പി.പിയും പി.എം.എൽ-എന്നും ചേർന്ന് രൂപീകരിക്കുന്ന ഒരു കൂട്ടുകക്ഷി സർക്കാരാണെങ്കിൽ അത് അധികകാലം നിലനിൽക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.